തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ വേപ്പുമരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഒരു മണിക്കൂറോളം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വട്ടം ചുറ്റിച്ചു.
മാവേലിക്കര ചെട്ടികുളങ്ങര കടവൂര്‍ മുറിയില്‍ കണ്ടന്‍തറയില്‍ വിമല്‍രാജെന്ന യുവാവാണ് ഭരണസിരാകേന്ദ്രത്തില്‍ പൊലീസിനെ മുള്‍മുനയിലാക്കിയത്. സര്‍ക്കാരില്‍ നിന്ന് വായ്പ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
രാവിലെ എട്ടുമണിയോടെയാണ് ടീഷര്‍ട്ടും പാന്റും ധരിച്ച ഇയാള്‍ അരയില്‍ കയറുകെട്ടി മരത്തിലേക്ക് കയറിയത്. ഡല്‍ഹിയിലും രാജസ്ഥാനിലുമായി പഞ്ചകര്‍മ്മ സെന്ററില്‍ ജോലി നോക്കിവന്ന തനിക്ക് സംസാരശേഷിയിലെ തടസത്തെ തുടര്‍ന്ന് ജോലി ചെയ്യാന്‍സാധിക്കുന്നില്ലെന്നും ചികിത്സയ്ക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവായെന്നും ഇയാള്‍ മരക്കൊമ്പില്‍ ഇരുന്ന് പേപ്പറിലെഴുതി താഴേക്കിട്ടു.
അതോടെയാണ് ഇയാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ചികിത്സയ്ക്കും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്താനും സര്‍ക്കാര്‍ സഹായം ആവശ്യമാണ്. ഇതിനായി സെക്രട്ടേറിയറ്റിലെത്തിയ തന്നെ അകത്തേക്ക് പ്രവേശിപ്പിക്കുകയോ മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും ഇയാള്‍ എഴുതി.