ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന സൈനികന്റെ സാമൂഹിക മാധ്യമം വഴിയുള്ള വെളിപ്പെടുത്തല്‍ തെറ്റാണെന്നും അത്തരത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ബി.എസ്.എഫ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ആരോപണം ഉന്നയിച്ച സൈനികന്‍ തേജ് ബഹദൂര്‍ യാദവോ ബറ്റാലിയനിലെ മറ്റ് സൈനികരോ ഇത്തരം പരാതിയുമായി പരാതി പരിഹാര സെല്ലിനെ സമീപിച്ചിട്ടില്ലെന്നും ബി.എസ്.എഫ് ഡി.ഐ.ജി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ആഹാരക്രമം സംബന്ധിച്ച് സുതാര്യ സംവിധാനമാണ് ഉള്ളതെന്നും ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും ബി.എസ്.എഫ് കോടതിയില്‍ ബോധിപ്പിച്ചു. ഇന്ത്യയില്‍ സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് മാനവവിഭവ ശേഷി മന്ത്രാലയം റിപ്പോര്‍ട്ട് നല്‍കണമെന്ന പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് ബി.എസ്.എഫ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.