തിരുവനന്തപുരം: പോസ്റ്റില്‍ നിന്നു വീണു ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന് നീതി നിഷേധിച്ച് കെഎസ്ഇബി. ഉച്ചക്കട കെഎസ്ഇബി ഓഫീസില്‍ മസ്ദൂര്‍ ആയി ജോലി ചെയ്തിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര കാക്കറവിള സ്വദേശി റിജിലാണ് പോസ്റ്റില്‍ നിന്നു വീണു ഗുരുതരമായി പരുക്കേറ്റത്. ഡ്യൂട്ടി സമയത്തല്ല അപകടമെന്ന സാങ്കേതികത്വം പറഞ്ഞ് അര്‍ഹതപ്പെട്ട സഹായം പോലും നിഷേധിച്ചിരിക്കുകയാണ് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍.
അയല്‍വാസികളുടെ ആവശ്യപ്രകാരം വൈദ്യുതി കമ്പി ശരിയാക്കാനായി പോസ്റ്റില്‍ കയറിയപ്പോഴാണു റിജിലിന് അപകടമുണ്ടായത്. അപകടം കണ്ടില്ലെന്നു മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതായി അയല്‍വാസികളുടെ ഗുരുതര ആരോപണവുമുണ്ട്. തലയോട്ടി മുക്കാല്‍ ഭാഗവും നീക്കം ചെയ്ത് എല്ലും തോലും മാത്രമേയുള്ളു ഇപ്പോള്‍ ഈ മുപ്പത്തിയേഴുകാരന്റെ ശരീരത്തില്‍. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്നതാണ് റിജിലിന്റെ കുടുംബം.
2018 ജൂലൈ 15ന് വൈകുന്നേരമാണ് റിജില്‍ പോസ്റ്റില്‍ നിന്നും വീഴുന്നത്. ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞുമടങ്ങും വഴിയാണ് അപകടം നടന്നതെന്ന കാരണമാണ് സഹായം നിഷേധിച്ച് കെഎസ്ഇബി ചൂണ്ടികാട്ടുന്നത്.