കൊച്ചി: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് കാട്ടി സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. രജിസ്ട്രാര്‍ ജനറലാണ് കത്ത് അയച്ചിരിക്കുന്നത്. ജഡ്ജിമാര്‍ ഭരണാ ഘടനാപരമായ ചുമതലകള്‍ വഹിക്കുന്നവരാണ്. അവരുടെ ശമ്പളം പിടിച്ചു വയ്ക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നും കത്തില്‍ പറയുന്നു.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ കത്ത് ഫിനാന്‍സ് സെക്രട്ടറിക്ക് തിങ്കളാഴ്ചയാണ് നല്‍കിയത്.ഏപ്രില്‍ മുതല്‍ അഞ്ചു മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത് നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള കേരള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയില്‍ വരുമെന്ന് പറഞ്ഞ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.എന്നാല്‍, ഓര്‍ഡിനന്‍സിലൂടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനിടെയാണ് ഹൈക്കോടതിയുടെ കത്ത് പുറത്തുവന്നിരിക്കുന്നത്.