ന്യൂഡല്‍ഹി: വിവാദ ചിത്രം പത്മാവതിനെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ണിസേന. പത്മാവതിനെ പിന്തുണച്ചുകൊണ്ട് കര്‍ണിസേന രംഗത്തെത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് കല്‍വി മാധ്യമങ്ങളോട് പറഞ്ഞു.തെറ്റായ വാര്‍ത്ത നല്‍കിയത് വ്യാജ കര്‍ണിസേനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരികയാണ്. ഇപ്പോള്‍ത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ നിലവിലുണ്ട്. ഇതെല്ലാം വ്യാജമാണ്. ചില നിക്ഷിപ്ത താല്‍പര്യങ്ങളാണ് ഇവയെ നയിക്കുന്നതെന്നും കല്‍വി പറഞ്ഞു.എന്തായാലും രജപുത്ര കര്‍ണിസേനയെന്ന പേരില്‍ ഒരേയൊരു സംഘടനയേ നിലവിലുള്ളൂ. അതിന്റെ സ്ഥാപകനാവാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്മാവത് എന്ന സിനിമ റിലീസാകുന്നതിന് മുന്‍പ് തന്നെ പ്രതിഷേധിക്കാന്‍ ആരംഭിച്ചവാരാണ് തങ്ങളെന്നും ആ നിലപാടില്‍ മാറ്റില്ലെന്നും കല്‍വി അറിയിച്ചു.