നോട്ടയെ ഭയന്ന് രാഷ്ട്രീയ പാർട്ടികൾ . . . ചതിക്കുമെന്ന് പരക്കെ ഭയം . . .

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ക്കൊപ്പം നോട്ടയെയും പേടിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. അപരന്‍മാര്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുന്നത് രാഷ്ട്രീയത്തില്‍ പുത്തരിയില്ല. സ്ഥാനാര്‍ത്ഥിയുടെ പേരിനോട് സാമ്യമുള്ളവരെയോ അതേ പേരുകാരെയോ ആണ് അപരന്‍മാരായി ഇറക്കുക. മുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ പോകുന്ന പലരും അവസാനനിമിഷത്തെ ആശയക്കുഴപ്പത്തില്‍ അപരന് വോട്ടുകുത്തും. അപരസ്ഥാനാര്‍ത്ഥി വോട്ടുപിടിച്ചതിനാല്‍ പരാജയം നേരിടേണ്ടി വന്ന പ്രമുഖനാണ് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.

2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ആലപ്പുഴയില്‍ സുധീരന്റെ പരാജയത്തിന് അപരന്‍ വി.എസ് സുധീരന്‍ കാരണക്കാരനായത്. ഇടതുപക്ഷത്തെ ഡോ. കെ.എസ് മനോജിനോട് കേവലം 1009 വോട്ടുകള്‍ക്കാണ് സുധീരന്‍ പരാജയപ്പെട്ടത്. സുധീരന്റെ അപരനായ വി.എസ് സുധീരന്‍ 8281 വോട്ടും നേടി. സുധീരന് ലഭിക്കേണ്ട വോട്ടുകള്‍ അപരനുപോയതിനാലാണ് ആലപ്പുഴയില്‍ ഇടതുമുന്നണിക്കു വിജയിക്കാനായത്.

ഇടതു സ്വതന്ത്രനായി വിജയിച്ച കെ.എസ് മനോജ് സി.പി.എം വിട്ട് ഇപ്പോള്‍ കോണ്‍ഗ്രസിലാണ്. ആലപ്പുഴയില്‍ അപരന്‍ വഴി നേരിട്ട പരാജയത്തെതുടര്‍ന്ന് വി.എം സുധീരന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടുതന്നെ വിടപറഞ്ഞു.

ഇത്തവണ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പടവും ഉണ്ടാകുമെന്നതിനാല്‍ അപരനെ അത്രയ്ക്കു പേടിക്കേണ്ടെന്ന നിലപാടിലാണ് രാഷ്ട്രീയകക്ഷികള്‍. പക്ഷേ വോട്ടുചെയ്യുന്ന പങ്കപ്പാടില്‍ അപരന്‍ വോട്ടുകൊണ്ടുപോകുമോ എന്ന ആശങ്ക പൂര്‍ണ്ണമായും ഒഴിയുന്നുമില്ല.

മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്കാണ് നോട്ടയ്ക്ക് വോട്ടു ചെയ്യാന്‍ അവസരമുള്ളത്. വോട്ടര്‍മാരുടെ എതിര്‍പ്പ് വോട്ടുകളാണ് നോട്ടയില്‍ പ്രതിഫലിക്കുക.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നോട്ട ഏറ്റവും കൂടുതല്‍ വോട്ടുവാരിയത് മലപ്പുറം മണ്ഡലത്തിലാണ്. 21,829 വോട്ടുകളാണ് മലപ്പുറത്ത് നോട്ട സ്വന്തമാക്കിയത്. പൊന്നാനിയില്‍ 7497 വോട്ടുകളും.

നാല് സ്വതന്ത്രന്‍മാരെയും ബി.എസ്.പിയെയും പിന്തള്ളി മലപ്പുറത്ത് ആറാം സ്ഥാനത്താണ് നോട്ടയെത്തിയത്. വയനാട് മണ്ഡലത്തില്‍ നോട്ടക്ക് ലഭിച്ച 10,735 വോട്ടുകളില്‍ 4014 വോട്ടുകളും മലപ്പുറത്തെ മൂന്ന് നിയോജകമണ്ഡലങ്ങളായ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് എന്നിവിടങ്ങളില്‍ നിന്നായിരുന്നു. 2014ല്‍ നോട്ടയുടെ മലപ്പുറം കുതിപ്പിന് കടിഞ്ഞാണിടാന്‍ ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് നടന്ന 2017ലെ ഉപതെരഞ്ഞെടുപ്പിനായി. 21,829 വോട്ടില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലെ നോട്ടയുടെ വോട്ട് 502 ആയി കുത്തനെ കുറഞ്ഞു.

നിഷേധവോട്ടുകള്‍ കൂടുന്നത് രാഷ്ട്രീയപാര്‍ട്ടികളെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളോടുള്ള അതൃപ്തിയും സ്ഥാനാര്‍ത്ഥികളോടുള്ള എതിര്‍പ്പുമാണ് നോട്ടക്കുള്ള വോട്ടാകുന്നത്.

2014ലെ പൊതു തെരഞ്ഞെടുപ്പില്‍ രാജ്യത്ത് 60 ലക്ഷത്തോളം പേരാണ് നോട്ടക്ക് വോട്ടുകുത്തിയത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 1.1 ശതമാനമായിരുന്നു ഇത്. രാഷ്ട്രീയ പ്രബുദ്ധരുടെ കേരളത്തിലാവട്ടെ 2,10,561 പേരും. നോട്ട ആദ്യമായി പരീക്ഷിച്ച 2014ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയൊട്ടാകെ 60 ലക്ഷത്തോളം പേരാണ് നോട്ട ബട്ടണില്‍ വിരലമര്‍ത്തിയത്. പുതുച്ചേരിയിലായിരുന്നു നോട്ടയ്ക്ക് കൂടുതല്‍ സ്വീകാര്യത. പോള്‍ചെയ്ത വോട്ടിന്റെ മൂന്നുശതമാനം നോട്ട കൊണ്ടുപോയി. മേഘാലയ, ഗുജറാത്ത് എന്നിവയായിരുന്നു തൊട്ടുപിന്നില്‍. കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യരുതെന്ന ക്യാംപയിനുമായി ആര്‍എസ്എസ് ഇതിനോടകം രംഗത്തു വന്നുകഴിഞ്ഞു. വോട്ടുകള്‍ നഷ്ടപ്പെടുത്താതിരിക്കാനായി വീടുകള്‍ തോറും കയറിയിറങ്ങി പ്രചരണം നടത്തുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. തങ്ങളുടെ വോട്ടുകള്‍ ചോരുന്നത് തടയാനാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിയ്ക്കും കോണഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്. എല്ലാത്തരം തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പുറത്തെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഇരു ചേരികളും. അതിനാല്‍, ഇത്തവണ അപരനും നോട്ടക്കും വോട്ടുകുറക്കാനുള്ള തന്ത്രങ്ങള്‍കൂടിയാവും പ്രചരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുക.

Top