മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമ മേഖലയിലേക്കെത്തിയ രാജേഷ് മാധവനെ മലയാളികൾ ഇപ്പോൾ ഓർക്കുന്നത് ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ ഓട്ടോ ഡ്രൈവർ സുരേഷ് ആയാണ്. വളരെ ലാഘവത്തോടെയും തന്മയത്വത്തോടെയുമുള്ള അഭിനയ മികവിലൂടെ പ്രേക്ഷക ശ്രദ്ധ അനായാസം പിടിച്ചു പറ്റാനും രാജേഷിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമ മേഖലയിലെ ഈ യാത്ര ഒട്ടും എളുപ്പവുമായിരുന്നില്ല. തന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണ് താരമിപ്പോൾ.
സിനിമയിലേക്ക് എത്തുന്നതിനു മുമ്പ് വളരെ കഷ്ടതയനുഭവിച്ച നാളുകളായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലേക്ക് എത്തുന്നത് സംവിധായകൻ ശ്യാം പുഷ്കരനിലൂടെയാണ്. അതിലൂടെയാണ് സുഹൃത്തിനൊപ്പം തിരക്കഥ പറയാൻ നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ അടുത്ത് പോയത്. എന്നെ കണ്ട ദിലീഷ് പോത്തൻ ഇവനെക്കൊണ്ട് അഭിനയിപ്പിക്കാം എന്നു പറയുകയായിരുന്നു. അങ്ങനെ ആ വേഷത്തിലേക്ക് എത്തി. ശ്യാം പുഷ്കരൻ വഴി ‘ഇയ്യോബിന്റെ പുസ്തകം’ സിനിമയിലേക്ക് ചെറിയ റോളിലേക്ക് അതിനുമുമ്പ് ഓഫർ വന്നെങ്കിലും വേണ്ടെന്നുവെച്ചിരുന്നു.
സിനിമ പിന്നണിപ്രവർത്തനത്തിലായിരുന്നു എനിക്ക് ത്രിൽ. സിനിമക്കാരനാകണം എന്നു മാത്രമാണ് ആഗ്രഹിച്ചത്. നടനാകണമെന്ന് ഒരിക്കൽപോലും ആഗ്രഹിച്ചിട്ടില്ല. നല്ലൊരു സംവിധായകനാകുക എന്നതാണ് എന്നെ മോഹിപ്പിക്കുന്നത്. ഇതുവരെ അഭിനയിച്ച 20ഓളം സിനിമയിലും റോളിനുവേണ്ടി ഞാൻ ആരുടെയും അടുത്തുപോയിട്ടില്ല. സുഹൃത്തുക്കൾ വഴിയാണ് എല്ലാ സിനിമകളിലും എത്താനായത്.
സിനിമയിൽ നല്ല രീതിയിൽ മികവ് കാണിക്കാനായതിൽ തന്റെ ജന്മനാടായ കാസർഗോഡിനും പങ്കുണ്ട്. ആ നാടിന്റെ ഭാഷയും സംസ്കാരവും എന്നിലെ നടനെ രൂപപ്പെടുത്തുന്നതിൽ നിർണായകമായിട്ടുണ്ട്. ബാലസംഘത്തിന്റെ വേനൽതുമ്പി കലാജാഥ, ജില്ല പഞ്ചായത്ത് നാടകക്യാമ്പ് തുടങ്ങിയവയിലൂടെയാണ് പിച്ചവെക്കുന്നത്. പിന്നീട് കുട്ടികൾക്കുവേണ്ടി ഗോപി കുറ്റിക്കോൽ നടത്തുന്ന സൺഡേ തിയറ്ററിന്റെ ഭാഗമായി. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയിലും പിന്നീട് സി.പി.എമ്മിലും പ്രവർത്തിച്ചു.
ഇടതുപക്ഷ കാഴ്ചപ്പാടുകളും എന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതിൽ സഹായകമായി. കലയോട് എനിക്ക് എന്തെങ്കിലും താൽപര്യം ഉണ്ടെങ്കിൽ അതിന് കാരണം അച്ഛൻ മാധവനാണ്. കൂലിപ്പണി ചെയ്താണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. തുടക്കത്തിൽ കപ്പണയിലും (കല്ലുവെട്ട്) പിന്നീട് കൽപണി മേസ്തിരിയായും പണിയെടുത്ത അച്ഛൻ കഥകൾ പറഞ്ഞുതരും. മഹാഭാരതമടക്കമുള്ള പുരാണ കഥകളാണ് വളരെ വൈകാരികമായി പറഞ്ഞുതരുക.
പഠിക്കുന്ന കാലത്ത് വീട്ടുകാർ അവരുടെ ബുദ്ധിമുട്ടുകൾ ഒരിക്കലും എന്നെ അറിയിച്ചിട്ടില്ല. ഒരിക്കൽ ഞാൻ എന്തെങ്കിലുമൊക്കെ ആയിത്തീരുമെന്ന പ്രതീക്ഷ അച്ഛനുണ്ടായിരുന്നു. അതുകൊണ്ട് പണ്ട് മുതൽക്കേ ഭയങ്കര സപ്പോർട്ട് ആയിരുന്നു. അമ്മ രത്നാവതിയും ചേച്ചിമാരായ രാജിയും ശ്രീജിയുമെല്ലാം കട്ടക്ക് സപ്പോർട്ടായി കൂടെ നിന്നു.
ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’, സെന്ന ഹെഗ്ഡെയുടെ 1744 വൈറ്റ് ആൾട്ടോ, ലിജിൻ ജോസിന്റെ ‘ഹെർ’, മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.