യുഎഇയില്‍ ഇനി നോട്ടറി സേവനം ഇംഗ്ലീഷ് ഭാഷയില്‍

അബുദബി: വിവിധ രാജ്യക്കാരായ ജനങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ നോട്ടറി സേവനം ലഭ്യമാക്കുന്നതിനായി അബുദബിയില്‍ പ്രത്യേക ഓഫീസ് സ്ഥാപിക്കുന്നു. ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യല്‍ സേവന ബ്യൂറോ മിഡില്‍ ഈസ്റ്റില്‍ ആരംഭിക്കുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റിലായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുക.

എമിറേറ്റിലെ വിദേശികള്‍ക്കും വിദേശ കമ്പനികള്‍ക്കും ഏറെ സഹായകമാകുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബിസിനസുകളുടെ പ്രവര്‍ത്തനം എളുപ്പത്തിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അഭിപ്രായപ്പെട്ടു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സേവനങ്ങള്‍ എല്ലാം പൂര്‍ണമായും ഡിജിറ്റലായി മാറും. ഇതോടെ വിവിധ ഇടപാടുകള്‍ക്ക് വേണ്ടി വരുന്ന സമയക്രമവും ലാഭിക്കാനാകും. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് വിലയിരുത്തുന്നത്. മുസ്ലിം ഇതര മതസ്ഥര്‍ക്കായി അടുത്തിടെ ആരംഭിച്ച കോടതിയിലും ഇംഗ്ലീഷ് ഭാഷയില്‍ നടപടികള്‍ നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുഎഇ തലസ്ഥാനമായ അബുദബിയിലാണ് ഇംഗ്ലിഷ് നോട്ടറി സര്‍വീസ് ബ്യൂറോ സ്ഥാപിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇംഗ്ലിഷ് ഭാഷയിലുള്ള കരാറുകളും രേഖകളും മറ്റു നിയമ സഹായങ്ങളും നോട്ടറി സര്‍വീസ് ബ്യൂറോ ലഭ്യമാക്കും.

 

 

Top