തിരുവനന്തപുരം: അസാധുവായ നോട്ടുകള്‍ ഇനി സ്വീകരിക്കേണ്ടതില്ലെന്ന് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 500,1000 രൂപയുടെ പഴയനോട്ടുകള്‍ ഇന്ന് പുലര്‍ച്ചെ 12 മണി മുതലാണ് സ്വീകരിക്കുന്നത് കെ.എസ്.ആര്‍.ടി.സി നിറുത്തിയത്.
ദീര്‍ഘദൂര ബസുകളിലെ കണ്ടക്ടര്‍മാരുടെ കൈവശമുള്ള അസാധുവായനോട്ടുകള്‍ ഇന്നലെ രാത്രി തന്നെ ഏറ്റവും അടുത്ത കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ ക്യാഷ് കൗണ്ടറില്‍ അടച്ചു.
അസാധുവായനോട്ടുകളുടെ നിയന്ത്രിതമായ ഉപയോഗംകേന്ദ്രസര്‍ക്കാര്‍ 72 മണിക്കൂര്‍ കൂടി നീട്ടിയെങ്കിലും ഈ ഇളവ് കെ.എസ്.ആര്‍.ടി.സി നടപ്പാക്കിയില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇതു സംബന്ധിച്ച് നിര്‍ദേശം ലഭിക്കാത്തതുകൊണ്ടാണ് ഇളവ് നീട്ടാത്തതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഇളവ് നീട്ടിയപ്പോഴേക്കും കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞിരുന്നു. രണ്ടാംശനിയും, ഞായറും അവധിയായതിനാല്‍ പഴയ ഉത്തരവ് പുനപരിശോധിച്ച് വീണ്ടും ഇളവ് അനുവദിക്കാന്‍ സാധ്യതയില്ല.