തിരുവനന്തപുരം: 500 രൂപയുടെ നോട്ടുകള്‍ ഇന്നും വിതരണത്തിന് എത്തിയിട്ടില്ല. 2000 രൂപ നോട്ടുകള്‍ തന്നെയാണ് ഇന്നും റിസര്‍വ്വ് ബാങ്ക് വിവിധ ബാങ്കുകളില്‍ എത്തിച്ചിട്ടുള്ളത്.
100, 50 രൂപ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പുതിയ 500 രൂപ നോട്ടുകള്‍ എത്താത്തത് നോട്ട് ക്ഷാമം രൂക്ഷമാക്കുകയാണ്.
ഇന്ന് 100, 50 രൂപ നോട്ടുകളാണ് എടിഎമ്മുകളില്‍ നിറയ്ക്കുക. കൂടുതല്‍ നൂറുരൂപ നോട്ടുകള്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മാറ്റിക്കിട്ടിയ 2000 ന്റെ നോട്ടുകള്‍ ചില്ലറയാക്കാനാവാതെ ബുദ്ധിമുട്ടകയാണ് ജനം.
വരും ദിവസങ്ങളില്‍ നോട്ടുകള്‍ക്ക് കൂടുതല്‍ ദൗര്‍ലഭ്യമുണ്ടായേക്കുമെന്ന ഭീതിമൂലം കൈയ്യില്‍ ചെറിയ നോട്ടുകള്‍ ഉള്ളവര്‍ അത് ചിലവാക്കാന്‍ മടിക്കുന്നതും ചില്ലറ ക്ഷാമം വര്‍ധിപ്പിക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്കും ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.
എടിഎമ്മുകളില്‍ ഒരു ദിവസം ആറ് തവണ നോട്ടുകള്‍ നിറയ്‌ക്കേണ്ട സാഹചര്യമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. പണം നിറച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ തീരുന്ന അവസ്ഥയാണ് പലയിടത്തും.
എടിഎമ്മുകളെ നോട്ട് നിറയ്ക്കാന്‍ സജ്ജമാക്കാന്‍ പ്രത്യേക കര്‍മസേനയെ നിയോഗിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.