തിരുവനന്തപുരം: നോട്ട് അസാധുവാക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക അടിമത്തമാണു ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സംശയത്തോടെമാത്രമേ കാണാനാകൂ സഹകരണ മേഖലാ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നോട്ട് പിന്‍വലിച്ചതിന്റെ ഫലമായുണ്ടായ പ്രതിസന്ധി കര്‍ഷകരടക്കം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുകയാണ്. കള്ളപ്പണക്കാരായ 900 പേരുടെ ലിസ്റ്റ് തലയണയ്ക്കടിയില്‍ വച്ച് ബിജെപി ഉറങ്ങുകയാണ്. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന മോദിയുടെ പ്രഖ്യാപനം വെറുതേയായെന്നും പിണറായി പറഞ്ഞു.
പണം കിട്ടാത്തതുമൂലം നിരവധി പേരാണ് ജീവനൊടുക്കിയത്. രാജ്യത്തെ മുപ്പതുശതമാനം ജനങ്ങള്‍ക്കു മാത്രമാണ് ബാങ്കിംഗ് സംവിധാനവുമായി ബന്ധമുള്ളത്. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭൂരിഭാഗവും ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്.
സാധാരണക്കാരായ ജനങ്ങളാണ് നോട്ട് പിന്‍വലിച്ചതു മൂലം ദുരിതത്തിലായത്. നമ്മുെട നാട്ടിലെ ബാങ്കിംഗ് സംവിധാനത്തില്‍ നാട്ടുകാര്‍ക്കു വിശ്വാസമുണ്ട്. അത് ഇല്ലാതാക്കലാണ് സര്‍ക്കാര്‍ ചെയ്തത്.
അഞ്ഞൂറ് ആയിരം നോട്ടുകള്‍ അസാധുവാക്കിയത് രാജ്യത്തെ ആഭ്യന്തര കലാപത്തിലേക്കു നയിക്കില്ലേ എന്നു സുപ്രീം കോടതി തന്നെ ചോദിച്ചിരുന്നു. സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ജനജീവിതത്തെ തകര്‍ക്കുകയുമാണ് സര്‍ക്കാരിന്റെ നടപടി ചെയ്തത്.
നികുതിവെട്ടിച്ചു പണം സൂക്ഷിക്കുന്നത് ഇല്ലാതാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കറന്‍സി പിന്‍വലിച്ചതുകൊണ്ടു കള്ളപ്പണം ഇല്ലാതാക്കാന്‍ കഴിയില്ല. സാമ്പത്തിക വിദഗ്ധരിലേറെയും കറന്‍സി പിന്‍വലിച്ചതിനെ എതിര്‍ത്തു സംസാരിച്ചിട്ടുണ്ട്.
രാജ്യത്തെ ധനഇടപാടിന്റെ 90 ശതമാനവും കറന്‍സിയിലൂടെയാണു നടക്കുന്നത്. നോട്ട് പിന്‍വലിച്ചാല്‍ സാധാരണ ജനങ്ങള്‍ക്കു നിത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയും ജീവന്‍ രക്ഷാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയതോതിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയാണ് ഇത്. കുടുംബത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണ്.
നോട്ട് പിന്‍വലിക്കുന്നതിലൂടെ സ്ത്രീകള്‍ കടുത്ത പ്രശ്‌നം നേരിടുന്നുണ്ട്. നാട്ടിലെ കര്‍ഷകര്‍ വലിയ പ്രശ്‌നത്തിലായി. എല്ലാ വിഭാഗം കര്‍ഷകരും ജനങ്ങളും നോട്ട് പിന്‍വലിക്കലിന്റെ പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ്.
രാജ്യത്തിനു പുറത്തു വന്‍തോതില്‍ കള്ളപ്പണം കെട്ടിക്കിടക്കുകയാണെന്നും അതു കൊണ്ടുവന്ന് എല്ലാവരുടെയും അക്കൗണ്ടില്‍ പതിനഞ്ചു ലക്ഷം നിക്ഷേപിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നിട്ടെന്തായി ഇപ്പോള്‍.
ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചുപിടിക്കാനോ അതു വരുത്തിയവരുടെ പേരുകള്‍ പുറത്തുപറയാനോ സര്‍ക്കാര്‍ തയാറാകുന്നില്ലന്നും പിണറായി പറഞ്ഞു