തിരുവനന്തപുരം: നോട്ട് അസാധുവാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ നികുതിവരുമാന വളര്‍ച്ച കുറഞ്ഞതായി ആസൂത്രണ ബോര്‍ഡ്. 2015 ഡിസംബറിനെ അപേക്ഷിച്ച് 2016 ഡിസംബറില്‍ 0.49 ശതമാനമാണ് കുറഞ്ഞത്. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം പഠിക്കാന്‍ നിയോഗിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്.
വാണിജ്യനികുതി ഇക്കാലയളവില്‍ 1.69 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷനിലും യഥാക്രമം 17.52 ശതമാനം, 10.60 ശതമാനം എന്നിങ്ങനെയാണ് ഇടിവ്. ഇത് തുടര്‍ന്നാല്‍ തനതുനികുതിവരുമാനം കുത്തനെ കുറയും. 2016 ജൂലായ്ഒക്ടോബര്‍ കാലയളവില്‍ ശരാശരി നികുതി വരുമാനവളര്‍ച്ച നല്ലനിലയിലായിരുന്നു. എന്നാല്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇത് മൈനസ് 7.83 ശതമാനമായി. നോട്ട് അസാധുവാക്കലിനുശേഷം കേരളത്തിലെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാനിരക്ക് ഇപ്പോഴത്തെ വിലനിലവാരമനുസരിച്ച് 14.9 ശതമാനത്തിലും താഴാനാണ് സാധ്യത.
വരുമാനം കുറയുന്നതോടെ സംസ്ഥാനം ലക്ഷ്യംവെച്ച 6.85 ശതമാനം നികുതിപിരിവ് എന്നത് യാഥാര്‍ഥ്യമാകില്ല. ആഭ്യന്തരോത്പാദന വളര്‍ച്ച 1011 ശതമാനത്തില്‍നിന്ന് കുത്തനെ ഇടിഞ്ഞാല്‍ മൊത്തം തനത് വരുമാനനഷ്ടം ഏകദേശം 11,000 കോടി രൂപയാകും. കൃത്യമായി നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ഇത് വികസനപുരോഗതിക്കും വളര്‍ച്ചയ്ക്കും തിരിച്ചടിയാകും.
നിര്‍മാണ മേഖലയ്ക്കും തിരിച്ചടിയായി. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിന് തടസ്സം നേരിട്ടു. ക്ഷീര, മത്സ്യബന്ധന, കൈത്തറി, വിനോദസഞ്ചാര മേഖലകളിലും മാന്ദ്യമുണ്ടായി. മത്സ്യ ഉപഭോഗത്തില്‍ 30 മുതല്‍ 40 ശതമാനംവരെ കുറവുവന്നു. 1000 രൂപയ്ക്ക് വിറ്റിരുന്ന മത്സ്യത്തിന്റെ വില 800 രൂപയായി ഇടിഞ്ഞു.