note ban;smartphone production decrease

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്നുണ്ടായ വിപണി മാന്ദ്യം നേരിടാന്‍ രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു. വില്പനയില്‍ ഉണ്ടായ ഗണ്യമായ ഇടിവാണ് കമ്പനികളെ ഇതിനു പ്രേരിപ്പിക്കുന്നത്.

ചില ഫാക്ടറികളില്‍ ജോലിക്കാരെ ഒഴിവാക്കിയിട്ടുമുണ്ട്. നോട്ട് നിരോധനത്തിനു മുമ്പ് വിപണിയിലെ സ്മാര്‍ട്ട് ഫോണ്‍ വില്പന മാസം 175200 കോടി രൂപ വരെയെത്തിയിരുന്നതാണ്. ഇപ്പോള്‍ വില്പന 40 ശതമാനത്തിലധികം കുറഞ്ഞതായാണ് കണക്കുകള്‍.

ആപ്പിള്‍ ഉള്‍പ്പെടെയുളള വന്‍കിട കമ്പനികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഫോക്‌സ്‌കോണിന്റെ ഹൈദരാബാദ് ശ്രീസിറ്റിയിലെ നാല് ഫാക്ടറികളിലായി എണ്ണായിരത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്.ഇതില്‍ 1,700 പേരോട് അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം മാസം 24 ലക്ഷം എന്നതില്‍ നിന്ന് 12 ലക്ഷമായി വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് കമ്പനികളായ ഷവോമി, ഒപ്പോ, ജിയോണി തുടങ്ങിയവയുടെ ഉള്‍പ്പെടെയുള്ള ഫോണുകളാണ് ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

മറ്റ് പ്രമുഖ കമ്പനികളായ ഇന്റെക്‌സ്, ലാവ, കാര്‍ബണ്‍ എന്നിവ വിപണി മാന്ദ്യത്തെ തുടര്‍ന്ന് തൊഴിലാളികളുടെ എണ്ണം 10 മുതല്‍ 40 ശതമാനം വരെ കുറയ്ക്കാന്‍ തീരുമാനിക്കുന്നതായാണ് വിവരം. കാര്‍ബണ്‍ കമ്പനിയുടെ നോയ്ഡയിലെ രണ്ട് പ്ലാന്റുകളില്‍ നിന്ന് 1,200 മുതല്‍ 2000 വരെ തൊഴിലാളികളെ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ലാവ കമ്പനി ഈ മാസം മുതല്‍ തന്നെ 5,000 പേരുടെ തൊഴില്‍ ശേഷി വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് നേരത്തെ തന്നെ ഉത്പാദനം കുറച്ചിരുന്നു. ഇന്റക്‌സിന്റെ നോയ്ഡ പ്ലാന്റില്‍ ജനുവരി മുതല്‍ 500 തൊഴിലാളികളെ കുറയ്ക്കാനാണ് തീരുമാനം.

നവംബര്‍ എട്ടിന് രാത്രി മുതല്‍ 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതായി കേന്ദ്രം പ്രഖ്യാപിച്ചതോടെയാണ് കുതിപ്പ് നേടിക്കൊണ്ടിരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിക്ക് കിതപ്പ് അനുഭവപ്പെട്ടു തുടങ്ങിയത്

Top