ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രാലയത്തെയും റിസര്‍വ് ബാങ്കിനെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
മികച്ച ലക്ഷ്യങ്ങളോടെയുള്ള തീരുമാനം കേന്ദ്ര ധനമന്ത്രാലയം മോശമായി നടപ്പാക്കിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. സ്ഥിതി ഇനിയും നിയന്ത്രിക്കാനായില്ലെങ്കില്‍ ജനവികാരം എതിരാകുമെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സ്വാമി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടപ്പായി മുപ്പത്തിയെട്ട് ദിവസം തികയുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും പരാജയപ്പെട്ടുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വിലയിരുത്തുന്നത്.
കള്ളപ്പണം, ഭീകരത, കള്ളനോട്ട് എന്നിവ തടയാന്‍ സദുദ്ദേശത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിച്ചത്. എന്നാല്‍ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും വീഴ്ച്ച വരുത്തിയെന്ന് സ്വാമി പറയുന്നു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി അവസാനിക്കാനിരിക്കെ സ്വാമിയുടെ വിമര്‍ശനത്തിന് കൂടുതല്‍ പ്രസക്തിയേറുകയാണ്. ഒപ്പം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള സ്വാമിയുടെ കൊമ്പുകോര്‍ക്കല്‍ കൂടുതല്‍ മുറുകുന്നു.