തിരുവനന്തപുരം: അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവായതിന് ശേഷം രാജ്യത്തെ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. ബാങ്കുകള്‍ക്ക് മുന്നില്‍ നോട്ടുകള്‍ മാറാനായി ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. ബാങ്കുകളുടെ പ്രധാന ഓഫീസുകളില്‍ എത്തിയ പുതിയ നോട്ടുകള്‍ മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റുന്ന നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പോസ്‌റ്റോഫീസിലൂടെയും ഇന്ന് മുതല്‍ പകരം നോട്ടുകള്‍ മാറ്റിവാങ്ങാം. കൈമാറ്റത്തിനായുള്ള 500ന്റെയും 2000ത്തിന്റെയും പുതിയ മാതൃകയിലുള്ള നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയിട്ടുണ്ട്.
പണം മാറിയെടുക്കാനുളള പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കിയും തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചുമാണ് എല്ലാവരും പണം മാറിയെടുക്കുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഒഴികെയുളളവ നോട്ടുകള്‍ മാറിനല്‍കുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
പോസ്റ്റ് ഓഫീസുകള്‍ വഴിയും നോട്ടുകള്‍ മാറി നല്‍കുന്നുണ്ട്. എടിഎമ്മുകള്‍ നാളെ മുതലെ പ്രവര്‍ത്തന സജ്ജമാകുകയുള്ളു. പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ എടിഎമ്മില്‍ എത്താന്‍ വൈകുമെന്നും ബാങ്കുകള്‍ വ്യക്തമാക്കുന്നു. പഴയ നോട്ടിനെ അപേക്ഷിച്ച് വലുപ്പം കൂടുതല്‍ ഉള്ളതിനാല്‍ എടിഎമ്മുകള്‍ സെറ്റ് ചെയ്യേണ്ടി വരുന്നതിനാലാണ് കാലതാമസം.
(പണമിപാടില്‍ ശ്രദ്ധിക്കേണ്ട 23 പ്രധാനകാര്യങ്ങള്‍ ചുവടെ…)
1.അസാധുവായ നോട്ടുകള്‍ എവിടെയൊക്കെ മാറ്റിവാങ്ങാം?
റിസര്‍വ് ബാങ്ക് ഓഫിസുകള്‍, ബാങ്ക് ശാഖകള്‍, സഹകരണ ബാങ്കുകള്‍, ഹെഡ് പോസ്റ്റ് ഓഫിസ്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍
2. ബാങ്കില്‍ നിക്ഷേപിക്കാവുന്ന തുകയ്ക്കു പരിധിയുണ്ടോ?
ഇല്ല. ബാങ്കുകളിലെത്തി സ്വന്തം അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതില്ല.. തിരിച്ചറിയല്‍ രേഖയോ സത്യവാങ്മൂലമോ വേണ്ട.
3. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ എങ്ങനെ പണം മാറും?
അക്കൗണ്ടില്ലാത്തവര്‍ക്കും അത്യാവശ്യക്കാര്‍ക്കും ഏതു ബാങ്ക് ശാഖയിലുമെത്തി തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കി 4000 രൂപ വരെ മാറ്റി വാങ്ങാനാകും. അക്കൗണ്ടില്ലാത്തവര്‍ക്ക് വേഗം അക്കൗണ്ട് തുടങ്ങി എത്ര തുക വേണമെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കാം. ആവശ്യമായ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ഇതിനായി നല്‍കണം.
4. അസാധുവായ നോട്ടുകള്‍ കാഷ് ഡിപ്പോസിറ്റ് മെഷിന്‍ വഴി അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ കഴിയുമോ?
കാഷ് ഡിപ്പോസിറ്റു മെഷീനുകള്‍ നാളെ മുതല്‍ക്കേ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങൂ. അപ്പോള്‍ ഓരോ ബാങ്കും എത്ര തുകയാണോ മെഷീന്‍ വഴി നിക്ഷേപിക്കാന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത് അത്രയും തുക പഴയതു പോലെ നിക്ഷേപിക്കാം.
5. പണം കൈയിലില്ലാത്തവര്‍ മറ്റുള്ളവര്‍ക്ക് പണം കൈമാറുന്നതെങ്ങിനെ?
ചെക്ക്, എടിഎം കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നീ സൗകര്യങ്ങള്‍ ഉപയോഗിച്ച് മറ്റ് അക്കൗണ്ടിലേക്കു പണം കൈമാറുകയും സാധനങ്ങള്‍ വാങ്ങുകയും ബില്ലുകള്‍ അടയ്ക്കുകയും ചെയ്യാം.
6. സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള ശാഖയില്‍ മാത്രമാണോ അസാധുവായ നോട്ടുകള്‍ കൈമാറാനാകുക?
അല്ല. 4,000 രൂപ വരെ ഏത് ബാങ്ക് ശാഖയിലുമെത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി പണം മാറ്റി വാങ്ങാം. 4000 രൂപയ്ക്കു മേലുള്ള തുകയാണെങ്കില്‍ അക്കൗണ്ടിലേക്കു നിക്ഷേപിക്കാനേ കഴിയൂ. മറ്റു ബാങ്കുകളുടെ ശാഖയിലെത്തി 4000 രൂപയ്ക്കു മുകളിലുള്ള തുക നല്‍കിയാല്‍ അക്കൗണ്ടിലേക്കു ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ സംവിധാനം വഴി കൈമാറും.
7. അക്കൗണ്ടില്ലാത്തവര്‍ക്ക് ബന്ധുവിന്റെയോ സുഹൃത്തിന്റെയോ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാന്‍ കഴിയുമോ?
കഴിയും. ബന്ധുവോ സുഹൃത്തോ ഇതിനായി രേഖാമൂലം നല്‍കിയ അനുമതിപത്രം ബാങ്കില്‍ ഹാജരാക്കണം. നിക്ഷേപിക്കുന്നയാളുടെ തിരിച്ചറിയല്‍ രേഖയും വേണം.
8. പണം നിക്ഷേപിക്കാന്‍ അക്കൗണ്ട് ഉടമ ബാങ്കില്‍ നേരിട്ട് എത്തണമെന്നുണ്ടോ?
നേരിട്ടെത്തുന്നതാണ് ഉചിതം. എന്നാല്‍, അതിനു കഴിയാത്തവര്‍ക്ക് അനുമതി പത്രം നല്‍കി പ്രതിനിധിയെ ബാങ്കിലേക്ക് അയയ്ക്കാം. ബാങ്കിലെത്തുന്നയാള്‍ തിരിച്ചറിയല്‍ രേഖ കരുതിയിരിക്കണം.
9. എന്നു വരെ അസാധുവായ പണം തിരിച്ചേല്‍പ്പിക്കാനാകും?
പണം പിന്‍വലിക്കല്‍ പദ്ധതി അവസാനിക്കുന്ന ഡിസംബര്‍ 30 വരെ തിരിച്ചേല്‍പ്പിക്കാം. അതിനു ശേഷം തിരഞ്ഞെടുത്ത റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ മാത്രമേ പണം സ്വീകരിക്കൂ.
10.ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്ക് എങ്ങനെ പണം മാറ്റി വാങ്ങാന്‍ കഴിയും?
പണം ബാങ്കിലെത്തിക്കാന്‍ നാട്ടിലുള്ള ആരെയെങ്കിലും അധികാരപത്രം നല്‍കി ചുമതലപ്പെടുത്തുക. അയാള്‍ തിരിച്ചറിയല്‍ കാര്‍ഡും അധികാരപത്രവുമായി ബാങ്കിലെത്തി അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം.
11. ആശുപത്രി, യാത്ര തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായി അസാധുവായ നോട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ?
സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസികളിലും അസാധുവായ നോട്ടുകള്‍ നാളെ വരെ സ്വീകരിക്കും. ബസ്, ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനും പഴയ നോട്ട് നല്‍കാം.
12. നോട്ട് കൈമാറുന്നതിനു ഹാജരാക്കേണ്ട തിരിച്ചറിയല്‍ രേഖകള്‍ എന്തെല്ലാം?
ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാര്‍ക്കു നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും.
13. നോട്ടുകള്‍ മാറിയെടുക്കാന്‍ എത്രതവണ ബാങ്കുകളെ/ പോസ്റ്റ് ഓഫിസുകളെ സമീപിക്കാം?
അക്കൗണ്ടില്ലാത്തവരാണെങ്കില്‍ ദിവസം ഒരു തവണ 4000 രൂപ മാറ്റാം. എന്നാല്‍ പല ബാങ്കുകളിലായി കൂടുതല്‍ തവണ പണം മാറ്റാന്‍ പഴുതുണ്ട്. അക്കൗണ്ടുള്ളവര്‍ക്ക് എത്ര തവണയും പണം നിക്ഷേപിക്കാം.
14. കൈവശമുള്ള പണം ബാങ്കില്‍ കൊടുത്ത് മാറുമ്പോള്‍ മൂല്യം കുറയുമോ?
കമ്മിഷന്‍ ഇനത്തിലോ മറ്റോ പണം നഷ്ടമാകുമോ? മൂല്യം കുറയില്ല. കമ്മിഷനില്ല. മറ്റു ശാഖകളിലാണു നിക്ഷേപിക്കുന്നതെങ്കില്‍ ഓരോ ബാങ്കും നിശ്ചയിച്ചിട്ടുള്ള തുക മുന്‍പുള്ളതു പോലെ കമ്മിഷനായി ഈടാക്കും.
15. എടിഎം വഴി കിട്ടുന്ന 4,000 രൂപ ഒരു ദിവസത്തെ ആവശ്യങ്ങള്‍ക്കു തികയില്ല. ബാക്കി തുകയ്ക്കായി എന്താണ് ചെയ്യേണ്ടത്?
ബാങ്കില്‍ നേരിട്ടെത്തി പിന്‍വലിക്കാം. എന്നാല്‍ ഒരു ദിവസം 10,000 രൂപയും ഒരാഴ്ച ആകെ 20,000 രൂപയും പിന്‍വലിക്കാനേ കഴിയൂ.
16. ബാങ്ക് കൗണ്ടര്‍ വഴി ദിവസവും പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 എന്ന പരിധി പഴയ നോട്ടുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനു മാത്രമാണോ ബാധകം. നിലവില്‍ ബാങ്ക് അക്കൗണ്ടിലുള്ള തുക പിന്‍വലിക്കുന്നതിനും പരിധിയുണ്ടോ?
എല്ലാവര്‍ക്കും ഈ പരിധി ബാധകമാണ്.
17. പോസ്റ്റ് ഓഫിസില്‍ നിന്നു നോട്ട് മാറിക്കിട്ടാന്‍ ഉള്ള നടപടി ക്രമം എന്താണ്?
പോസ്റ്റ് ഓഫിസുകളിലെത്തി തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കി 4,000 രൂപ വരെ മാറിയെടുക്കാം. സ്വന്തം പേരിലെ പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പോസ്റ്റ് ഓഫിസ് അക്കൗണ്ടില്‍ പണമുള്ളവര്‍ക്ക് പരമാവധി 10,000 രൂപ വരെ ഒരു ദിവസം പിന്‍വലിക്കാമെങ്കിലും 100 രൂപ നോട്ടിന്റെ ലഭ്യതയനുസരിച്ചു മാത്രമേ പണം നല്‍കാനാകൂ എന്നാണ് അധികൃതരുടെ നിലപാട്.
18. രേഖയൊന്നുമില്ലാതെ ഒരാളോട് കടം വാങ്ങിയ രണ്ടു ലക്ഷം രൂപ കയ്യിലുണ്ട്. എന്തുചെയ്യും?
കടം തന്നയാള്‍ അതു തിരിച്ചുവാങ്ങുന്നില്ല. ബാങ്കില്‍ കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതിന്റെ ഉറവിട രേഖകളുമില്ല. ഈ പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ശരിയായ മാര്‍ഗം. വന്‍തുകയാണു നിക്ഷേപിക്കുന്നതെങ്കില്‍ ആദായ നികുതി വകുപ്പ് പിന്നീടു വിശദീകരണം തേടിയേക്കാം. അപ്പോള്‍ കാര്യകാരണ സഹിതം പണത്തിന്റെ ഉറവിടം തെളിയിക്കേണ്ടി വരും.
19. നിലവില്‍ എടിഎം /ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയവ ഇല്ലാത്തവര്‍ക്ക് ഇവയോരോന്നും ലഭിക്കാന്‍ എത്ര സമയം വേണ്ടിവരും? ഉടന്‍ നല്‍കാന്‍ നടപടികളുണ്ടോ?
അക്കൗണ്ട് ആരംഭിച്ചാല്‍ ഉടന്‍ താല്‍ക്കാലിക എടിഎം കാര്‍ഡ് നല്‍കുന്ന ബാങ്കുകളുണ്ട്. എന്നാല്‍, പേര് അച്ചടിച്ചതും സുരക്ഷാ സംവിധാനങ്ങളുള്ളതുമായ കാര്‍ഡ് ലഭിക്കാന്‍ രണ്ടാഴ്ചത്തെ സമയമെടുക്കും. ഇന്റര്‍നെറ്റ് ബാങ്കിങ് ആക്ടിവേറ്റ് ചെയ്യാനും രണ്ടാഴ്ച സമയം വേണ്ടിവരും.
20. സപ്ലൈകോ ഔട്‌ലെറ്റുകളില്‍ 500 രൂപ സ്വീകരിക്കുന്നില്ല. പരിഹാരമുണ്ടാകുമോ?
സപ്ലൈകോ ഔട്‌ലെറ്റുകള്‍ അസാധുവായ നോട്ടുകള്‍ വാങ്ങില്ലെന്ന് അറിയിച്ചിട്ടുണ്ട്.
21. സ്വകാര്യ ആശുപത്രികളില്‍ 500, 1000 രൂപ നോട്ട് സ്വീകരിക്കണമെന്നു നിര്‍ദേശമുണ്ടോ?
ഇല്ല. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമേ സ്വീകരിക്കൂ. സ്വകാര്യ ആശുപത്രികളില്‍ എടിഎം കാര്‍ഡോ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനമോ ഉപയോഗിച്ച് പണം നല്‍കേണ്ടി വരും. ന്മ എന്നു മുതല്‍ പുതിയ 500, 2000 രൂപ നോട്ട് ലഭ്യമാകും? 2000 രൂപയുടെ പുതിയ നോട്ട് ബാങ്കുകളില്‍ എത്തിയിട്ടുണ്ടെങ്കിലും വിതരണം ചെയ്തു തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇന്നോ നാളെയോ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ബാങ്കുകള്‍ അറിയിച്ചു. 500 രൂപയുടെ പുതിയ നോട്ട് എന്നു വിതരണം ചെയ്തു തുടങ്ങുമെന്നു വ്യക്തമല്ല.
22. പഴയ നോട്ട് ഉപയോഗിച്ച് ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമോ?
കഴിയും.
23. എടിഎം കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും പരിധിയുണ്ടോ?
ഇല്ല. അക്കൗണ്ടിലെ പണം തീരും വരെ ബില്ലടയ്ക്കാനും സാധനങ്ങള്‍ വാങ്ങാനുമൊക്കെ എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ എടിഎമ്മില്‍ നിന്നു കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനു പരിധിയുണ്ട്.