ബംഗളൂരു: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കര്‍ണാടകയിലെ മുതിര്‍ന്ന മന്ത്രിയെ സഹായിച്ചെന്ന സംശയത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കിലെ മാനേജര്‍ തലത്തിലുള്ള നാല് ഉദ്യോഗസ്ഥര്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലായി.
സി.ബി.ഐയ്ക്ക് ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സി ഇതേക്കുറിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പരാതി ശരിയാണെന്ന് കണ്ടെത്തിയാല്‍ നടപടി ഉണ്ടാവുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ആര്‍.ബി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പേര് പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സി.ബി.ഐ നല്‍കുന്ന സൂചന.
ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റീഷനും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഒരു ഐ.പി.എസ് ഓഫീസറുടെ ഭാര്യയായ മുതിര്‍ന്ന ആര്‍.ബി.ഐ ഉദ്യോഗസ്ഥയും ജൂനിയറായ മൂന്ന് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മന്ത്രിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.
1.99 കോടി രൂപയുടെ അസാധു നോട്ടുകളുമായി ആര്‍.ബി.ഐയിലെ രണ്ട് ഉദ്യോഗസ്ഥരെ സി.ബി.ഐ ശനിയാഴ്ച അറസ്റ്റു ചെയ്തിരുന്നു.
ഇത് കൂടാതെ രാജ്യത്ത് വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊതുമേഖലാസ്വകാര്യ ബാങ്കുകളിലെ നാല്‍പതോളം ജീവനക്കാരും വിവിധ ക്രമക്കേടുകള്‍ക്കിടെ അറസ്റ്റിലായിട്ടുണ്ട്.