ന്യൂയോര്‍ക്ക്: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന(ജി.ഡി.പി) വളര്‍ച്ച നിരക്ക് കുറയുമെന്ന് ലോകബാങ്ക്.
7.6 ശതമാനത്തില്‍ നിന്ന് 7 ശതമാനമായാണ് നിരക്ക് കുറയുന്നത്. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിച്ചത് മൂലം 2016 ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് മന്ദഗതിയിലാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
നോട്ട് അസാധുവാക്കലിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടാണ് ലോകബാങ്ക് പുറത്ത് വിടുന്നത്.
ചില അനുകൂല ഘടകങ്ങളുണ്ടെങ്കിലും നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധികള്‍ മൂലം 2017 മാര്‍ച്ച് വരെ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച 7 ശതമാനത്തില്‍ തന്നെ തുടരുമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്തെ വളര്‍ച്ച നിരക്ക് കൂടുമെന്നും ലോകബാങ്ക് പറയുന്നു. വ്യവസായങ്ങള്‍ തുടങ്ങാനുള്ള അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കണം. ഇതിനായി അടിസ്ഥാന സൗകര്യ മേഖലയില്‍ വികസമുണ്ടാക്കണമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
നോട്ട് അസാധുവാക്കല്‍ മൂലം ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപമെത്തുകയും അത് പലിശ നിരക്കുകള്‍ കുറയുന്നതിന് കാരണമാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പാദങ്ങളില്‍ ഇന്ത്യയില്‍ മികച്ച സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നു. എന്നാല്‍ നവംബറിലെ നോട്ട് അസാധുവാക്കലാണ് കാര്യങ്ങള്‍ തകിടം മറിച്ചതെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടിലെ പരാമര്‍ശം.