കൊച്ചി: സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത മഞ്ജുവാര്യര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന വേട്ട എന്ന ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തിയിരുന്നു.
വേട്ടയുടെ ചിത്രീകരണത്തിനിടെ പല തവണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 2005ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് രാജേഷ് സംവിധാന രംഗത്തെത്തിയത്.
തുടര്‍ന്ന് 2011ല്‍ സംവിധാനം ചെയ്ത ട്രാഫിക് സൂപ്പര്‍ ഹിറ്റായി. അമലപോളും നിവിന്‍ പോളിയും ഒന്നിച്ച മിലിയാണ് വേട്ടയ്ക്ക് മുമ്പ് സംവിധാനം ചെയ്തത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഇതിനിടയില്‍ ട്രാഫിക്കിന്റെ ഹിന്ദി റീമേക്കും രാജേഷ് പിള്ള പൂര്‍ത്തിയാക്കിയിരുന്നു. മേഘ രാജേഷാണ് ഭാര്യ.