ഡല്‍ഹി കോണ്‍ഗ്രസിന് ‘വട്ടപ്പൂജ്യം’; കെജ്രിവാളിന് അഭിനന്ദനം; അധിര്‍ രഞ്ജന്‍!

2020 ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരുവട്ടം കൂടി നെഞ്ചില്‍ ഇടിത്തീ സമ്മാനിക്കുകയാണ്. ജനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരുവട്ടം കൂടി പൂജ്യം വരച്ചിടുകയാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി.

ആം ആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്തുമെന്ന സൂചനകള്‍ക്കിടെയാണ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരണവുമായി രംഗത്ത് വന്നത്. ‘വികസന അജണ്ട വിജയിച്ചിരിക്കുന്നു, കെജ്രിവാളിന് എന്റെ അഭിനന്ദനങ്ങള്‍. ഡല്‍ഹി തെരഞ്ഞെടുപ്പ് രണ്ട് ധ്രുവങ്ങളായി തിരിഞ്ഞുകളിഞ്ഞു, ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് അവിടെ ഒന്നുമില്ല’, ചൗധരി വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടി രണ്ടാം തവണയും അധികാരം നേടാനുള്ള ഒരുക്കത്തിലേക്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നീങ്ങുകയാണ്. 70 സീറ്റുകളുള്ള നിയമസഭയില്‍ അന്‍പതിലേറെ സീറ്റുകളിലാണ് അവര്‍ ലീഡ് ചെയ്യുന്നത്. ബിജെപി 18 ഇടങ്ങളിലും ലീഡ് നിലനിര്‍ത്തുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. 2015 തെരഞ്ഞെടുപ്പിന് സമാനമായി പൂജ്യം സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ നില്‍പ്പ്.

ഒരിടത്ത് പോലും ലീഡ് ചെയ്യാത്തതിനാല്‍ വിജയത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യവും അവര്‍ക്കില്ല. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ന്യൂ ഡല്‍ഹി സീറ്റില്‍ ലീഡ് ചെയ്യുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പത്പര്‍ഗഞ്ച് സീറ്റില്‍ പിന്നിലാണെന്നത് ആം ആദ്മിയെ വിഷമിപ്പിക്കും. കഴിഞ്ഞ തവണ കേവലം മൂന്ന് സീറ്റില്‍ ഒതുങ്ങിയ ശേഷമാണ് ബിജെപി 15 സീറ്റിന് മുകളിലേക്ക് ലീഡ് ഉയര്‍ത്തിയത്.

Top