കൊച്ചി: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമർശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അഡ്വക്കേറ്റ് ജനറൽ നോട്ടിസ് അയച്ചു.
പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ടാണ് എസ്.ഹരിശങ്കറിന് നോട്ടീസ് അയച്ചത്. തൃശൂർ സ്വദേശി എം.ജെ.ആന്റണി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. മാർച്ച് 30ന് ഹരിശങ്കർ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്.
വിചാരണ കോടതിയുടെ വിധി വന്നയുടനെ ഉടനെ ഹരിശങ്കർ നടത്തിയ പരാമർശങ്ങൾ ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്നാണ് ആക്ഷേപം. എല്ലാ തെളിവുകളും ശക്തമായിട്ടും, ഒരാൾ പോലും കൂറുമാറാതിരുന്നിട്ടും കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണ് ഉണ്ടായതെന്ന് ഹരിശങ്കർ പറഞ്ഞിരുന്നു.
സമാനകേസുകളിൽനിന്നു വേറിട്ടു നിൽക്കുന്ന വിധി അംഗീകരിക്കാനാകില്ല. കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം വിധി നൽകുന്നില്ലെന്നും ഹരിശങ്കർ വ്യക്തമാക്കിയിരുന്നു. വിധി നിർഭാഗ്യകരമാണെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ അദ്ഭുതമാണെന്നും ഹരിശങ്കർ ചൂണ്ടിക്കാട്ടി. ഇതാണിപ്പോള്‍ പുലിവാലായിരിക്കുന്നത്.