മലപ്പുറം:ചികിത്സ ലഭിക്കാതെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പലിനും സുപ്രണ്ടിനും കളക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസ്.
കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം കൊണ്ടോട്ടി കിഴിശേരി സ്വദേശി എന്‍.സി.ഷെരീഫിന്റെ ഭാര്യ സഹ്ല തസ്നീമിന്റെ ഇരട്ടക്കുഞ്ഞുങ്ങളാണ് ഞായറാഴ്ച വൈകുന്നേരം പ്രസവത്തോടെ മരിച്ചത്. ആശുപത്രിയിലെത്തിയ മാധ്യമപ്രവര്ത്തകന് കൂടിയായ എന്‍.സി. ഷെരീഫ് അധികൃതരുടെ അനാസ്ഥമൂലം ഇരുപതുകാരിയായ ഭാര്യയുമായി മണിക്കൂറുകള്‍ അലഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും ചികിത്സാസൗകര്യം ലഭ്യമായില്ല.
പ്രസവചികിത്സയ്ക്ക് കോവിഡ് പിസിആര്‍ ഫലം തന്നെ വേണമെന്നും കോവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും സ്വകാര്യആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് ഷരീഫ് പറഞ്ഞു. പിന്നീട് പിസിആര്‍ ടെസ്റ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ചു ഇവര്‍ക്ക് അലയേണ്ടി വന്നു.