ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെയാണ് നോട്ടീസ്. ബിജെപി നേതാവ് ജി.വി.എല്‍ നരസിംഹ റാവു ആണ് നോട്ടീസ് നല്‍കിയത്.
പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് മുഖ്യമന്ത്രിയുടെ നടപടി എന്നാണ് നരസിംഹറാവു ആരോപിക്കുന്നത്. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിനിടയാക്കും. ഇത് പാര്‍ലമെന്റ് അവകാശം ഹനിക്കുന്നതാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
വെള്ളിയാഴ്ച ചേരുന്ന അവകാശസമിതി യോഗം വിഷയം ചര്‍ച്ച ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ച് പിന്തുണച്ചു. ബിജെപിയുടെ ഏക എംഎല്‍എ ഒ.രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. രാജ്യത്താദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു നിയമസഭ പ്രമേയം ചര്‍ച്ച ചെയ്യുന്നതും പാസാക്കുന്നതും.