കൊച്ചി: ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയിലെ ഒരു രംഗത്തിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷണൻ. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും കമ്മീഷൻ നോട്ടീസ് അയച്ചു.
മാതാപിതാക്കൾ ചെയ്യുന്ന പാപങ്ങളുടെ ഫലമാണ് കുട്ടികളുടെ വൈകല്യം എന്ന ചിത്രത്തിലെ പരാമർശത്തിന്റെ പേരിലാണ് നടപടി. സംവിധായകൻ ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റിഫനും നോട്ടീസ് അയച്ചത്.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം ചിത്രം തിയറ്ററുകളിൽ എത്തിയത്. നിയമ തടസ്സങ്ങള്‍ മാറി തിയറ്ററിൽ എത്തിയ ഷാജി കൈലാസ് ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ തിയറ്ററുകളിൽ തുടരുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.