ബിജെപി വിമത നേതാവിന്റെ പഞ്ചസാര ഫാക്ടറിക്ക് നോട്ടീസ്; 9 കോടി ജിഎസ്ടി അടയ്ക്കണം

മുംബൈ: ബിജെപിയിലെ വിമത നേതാവ് പങ്കജ മുണ്ടെയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിക്ക് 19 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ്. പങ്കജയുടെ ഉടമസ്ഥതയിലുള്ള വൈദ്യനാഥ് ഷുഗര്‍ ഫാക്ടറിക്കാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചത്. ബീഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുന്‍ മന്ത്രി കൂടിയായ പങ്കജ പറഞ്ഞു. സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച മറ്റ് ഫാക്ടറികള്‍ക്ക് സഹായം ലഭിച്ചപ്പോള്‍ തന്റെ ഫാക്ടറിയെ തഴഞ്ഞെന്നും പങ്കജ ആരോപിച്ചു. നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കണക്കുകള്‍ പലിശയുമായി ബന്ധപ്പെട്ടതാണ്. നടപടിക്രമങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചുവെന്നും ഞങ്ങള്‍ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും മുണ്ടെ പറഞ്ഞു. തുടര്‍ച്ചയായ വരള്‍ച്ചയെത്തുടര്‍ന്ന് ഫാക്ടറി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാങ്കില്‍ പണയപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏകദേശം ഒമ്പത് ഫാക്ടറികള്‍ സാമ്പത്തിക സഹായത്തിനായി കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. എന്റെ ഫാക്ടറിക്ക് മാത്രമാണ് സഹായം നിഷേധിച്ചത്. സഹായം ലഭിച്ചിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും പങ്കജ പറഞ്ഞു. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. നിരവധി തവണ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെ പങ്കജ രംഗത്തെത്തിയിരുന്നു.

Top