തിരുവനന്തപുരം: വില വര്‍ധനയുടെ സാഹചര്യത്തില്‍ ഇന്ധന തീരുവ സംസ്ഥാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ധന തീരുവ കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമാണെന്നും, ഇന്ധന വില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ് വഴക്കം സംസ്ഥാനത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമാണ്, ബിജെപി സര്‍ക്കാരിന്റെ നയങ്ങളാണ് ഇന്ധനവില വര്‍ധനവിന് കാരണം. യുഡിഎഫ് സര്‍ക്കാരും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചിരുന്നു. ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ഇന്ധന തീരുവ കുറച്ചതെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബിക്ക് പണമുണ്ടാക്കാനാണ് ഇന്ധന സെസ്സ് ഒഴിവാക്കാത്തതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. ഡീസലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് കേരളത്തിലാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. 59 തവണ വില വര്‍ധിച്ചപ്പോഴും ജനങ്ങളോട് കരുണ കാണിക്കാന്‍ എല്‍ഡിഎഫ് തയ്യാറാകുന്നില്ല. 619.17 കോടിയുടെ അധിക നികുതി വരുമാനം യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.