കൊച്ചി : സ്വർണക്കടത്ത് കേസിൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് നോട്ടിസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടിസ് നൽകിയത്. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്.നയതന്ത്ര ബാഗേജ് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.
ഇക്കാര്യത്തിൽ നേരത്തെ ജി.ഹരികൃഷ്ണന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോഴത്തെ നടപടി. നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഹരികൃഷ്ണന് കൂടുതൽ വിവരങ്ങൾ അറിയാമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ. നേരത്തെ അറസ്റ്റിലായ സ്വപ്നയടക്കമുള്ള പ്രതികളിൽ നിന്നും ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.