ഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയും അനുരാധ ചൗധരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 12-ാം തീയതി ഡല്‍ഹിയിലെ ദ്വാരകയിലാണ് ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടക്കുകയെന്നാണ് സൂചനകള്‍. തിഹാര്‍ ജയിലില്‍ കഴിയുന്ന കാലാ ജഠെഡിക്ക് ഡല്‍ഹിയിലെ കോടതി കഴിഞ്ഞദിവസം പരോള്‍ അനുവദിച്ചിരുന്നു. പ്രതിക്ക് സുരക്ഷ ഒരുക്കണമെന്നും പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സന്ദീപ് എന്ന കാലാ ജഠെഡി ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 40-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊലപാതകം, പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.
ഗുസ്തിതാരമായ സാഗര്‍ ധന്‍ഖറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് കാലാ കുപ്രസിദ്ധി നേടിയത്. ഗുസ്തിതാരം സുശീല്‍കുമാറിനെ ഭീഷണിപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജയിലില്‍ കഴിയുന്നതിനിടെ കാലായ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിയത് ബിഷ്ണോയി ആണെന്നായിരുന്നു റിപ്പോര്‍ട്ട്. രാജസ്ഥാനിലെ സികാര്‍ സ്വദേശിനിയായ അനുരാധ ചൗധരിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മാഡം മിന്‍സ്, റിവോള്‍വര്‍ റാണി തുടങ്ങിയ പേരുകളിലാണ് അനുരാധ ചൗധരി ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2017-ല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവന്‍ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയാണ് അനുരാധ. ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോള്‍വര്‍ റാണി എന്ന വിളിപ്പേര് കിട്ടിയത്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതിന് പിന്നാലെയാണ് ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് പണം തട്ടല്‍, കവര്‍ച്ച എന്നിവയടക്കം ഒട്ടേറെ കേസുകളിലും പ്രതിയാകുകയായിരുന്നു.
കാലായും അനുരാധയും 2020 മുതല്‍ അടുപ്പത്തിലായിരുന്നു. ദമ്പതിമാരെന്ന വ്യാജേന പലയിടങ്ങളിലായി ഒളിവില്‍ കഴിയവേയാണ് ഇരുവരെയും ഡല്‍ഹി പോലീസ് പിടികൂടിയത്. 2021-ല്‍ നടന്ന ഡല്‍ഹി പോലീസിന്റെ മെഗാ ഓപ്പറേഷനിലാണ് രണ്ടുപേരും അഴിക്കുള്ളിലായത്. നിലവില്‍ അനുരാധ ചൗധരി ജാമ്യത്തിലാണ്. കാലാ ജഠെഡി തിഹാര്‍ ജയിലിലും. ജാമ്യത്തിലിറങ്ങിയ ശേഷം അനുരാധ ചൗധരി പ്രതിശ്രുത വരനെ കാണാനായി പതിവായി ജയിലിലെത്തിയിരുന്നു. ഇതിനൊടുവിലാണ് രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനമെടുത്തത്. മാര്‍ച്ച് 12-ന് രാവിലെ പത്തുമണി മുതല്‍ നാലുമണി വരെയാണ് ഗുണ്ടാനേതാക്കളുടെ വിവാഹചടങ്ങുകള്‍. ദ്വാരകയിലാണ് വിവാഹവേദി. അതേസമയം, ‘ഗുണ്ടാകല്ല്യാണം’ ഡല്‍ഹി പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.