ഡല്‍ഹി : ഇന്ത്യ തിരയുന്ന കുപ്രസിദ്ധ ഭീകരന്‍ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ട നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഇയാള്‍. 2022 ഒക്ടോബറിലാണ് ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മരണ കാരണം വ്യക്തമല്ലെന്ന് പാക് അധികൃതര്‍ അറിയിച്ചു.
ഇന്ത്യ തിരയുകയായിരുന്ന ഇരുപതോളം ഭീകരരാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പാകിസ്ഥാനിലടക്കം വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. നേരത്തെ ഭീകരരുടെ കൊല്ലപ്പെടലില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. 1990-ല്‍ ഇയാള്‍ രൂപീകരിച്ച സംഘടന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും ഹിസ്ബ്-ഉള്‍-മുജാഹിദ്ദീന്‍, ലഷ്‌കര്‍-ഇ-തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്ന് 2019 ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു.പാക്ക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.