നിലമ്പൂര്‍: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച മലപ്പുറം ഇന്റലിജന്‍സ് ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനെ തേടിയെത്തിയത് നാലു തവണ വാഹനമോഷണക്കേസില്‍ അറസ്റ്റിലായ വീരപ്പന്‍ റഹീമിന്റെ അഭിനന്ദനം.
ജന്‍മനാടായ മണലൊടിയില്‍ നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തിലാണ് മോഹനചന്ദ്രന്‍ വേറിട്ട അഭിനന്ദനത്തെക്കുറിച്ചു ഉള്ളുതുറന്നത്. രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച പത്രവാര്‍ത്ത വന്നപ്പോളാണ് മോഹനചന്ദ്രന് വീരപ്പന്‍ റഹീമിന്റെ ഫോണ്‍വിളിയെത്തിയത്. അഭിനന്ദനത്തോടൊപ്പം മെഡല്‍ലഭിക്കാന്‍ കാരണക്കാരനായതു താനാണെന്നു വീരപ്പന്‍ റഹീം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
സാറ് നാലു തവണ എന്നെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആ നാലു തവണയും ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചു. ഇവയെല്ലാം പരിഗണിച്ചാണല്ലോ രാഷ്ട്രപതിയുടെ മെഡലും ലഭിച്ചത്. അതിനാല്‍ ഈ മെഡല്‍ നേടിത്തരാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് താനാണെന്ന വീരപ്പന്‍ റഹീമിന്റെ വാക്കുകള്‍ക്കു മുന്നില്‍ ഉത്തരം മുട്ടിപ്പോയെന്ന് മോഹനചന്ദ്രന്‍ പറഞ്ഞപ്പോള്‍ സദസില്‍ കൂട്ടച്ചിരിപടര്‍ന്നു.
അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘത്തലവനായ വീരപ്പന്‍ റഹീം ഇപ്പോള്‍ ജയില്‍ ശിക്ഷയും പോലീസിന്റെ കൗണ്‍സിലിങും പുനരധിവാസ ശ്രമങ്ങളെ തുടര്‍ന്ന് മോഷണം ഉപേക്ഷിച്ച് നല്ലപുള്ളിയായി മാറിയിരിക്കുകയാണ്. തേഞ്ഞിപ്പാലത്തിനടുത്ത് ഇപ്പോള്‍ കാലിക്കച്ചവടമാണ് റഹീമിന്.