Novak Djokovic beats Andy Murray to win the 2016 Australian Open

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരം നൊവാക്ക് ജോക്കോവിച്ചിന്. ഇന്നലെ നടന്ന ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി നൊവാക്ക് നേടിയത് തന്റെ ആറാമത് ആസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ്. ഇതോടെ റോയ് എമേഴ്‌സന്റെ റെക്കാഡിനൊപ്പം നൊവാക്ക് എത്തി. നൊവാക്കിന്റെ 11ാമത് ഗ്രാന്‍സ്‌ളാം കിരീടമാണിത്.

കഴിഞ്ഞവര്‍ഷത്തെ ഫൈനലില്‍ ആന്‍ഡി മുറെയെ കീഴടക്കിയാണ് നൊവാക്ക് ഇവിടെ കിരീടം നേടിയിരുന്നത്. ഇന്നലെ ആദ്യസെറ്റില്‍ നിഷ്പ്രയാസം വിജയിച്ച നൊവാക്ക് അടുത്ത രണ്ട് സെറ്റുകളിലും കനത്ത വെല്ലുവിളി മറികടന്നാണ് കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് മണിക്കൂര്‍ 53 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ 61, 75, 76 (3) എന്ന സ്‌കോറിനായിരുന്നു നെവാക്കിന്റെ വിജയം.

ഇതോടെ ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തിയ അഞ്ചുതവണയും തോല്‍ക്കേണ്ടിവന്നു എന്ന നാണക്കേട് ആന്‍ഡി മുറെയ്ക്ക് സ്വന്തമായി. ഇതില്‍ നാല് തവണയും നൊവാക്കിനെതിരെയായിരുന്നു പരാജയപ്പെടേണ്ടിവന്നത് എന്നത് മറ്റൊരു വേദനയാണ്. ഈ വിജയത്തോടെ നൊവാക്ക് കരിയറില്‍ 11ാം ഗ്രാന്‍സ്‌ളാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോഡ് ലേവര്‍ക്കും ബ്യോണ്‍ ബോര്‍ഗിനുമൊപ്പമെത്തി.

2008 ലാണ് നൊവാക്ക് ആദ്യമായി ആസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ടത്. തുടര്‍ന്ന് 2011, 12, 13, 15 വര്‍ഷങ്ങളിലും ഇവിടെ ജേതാവായി.
മിക്‌സഡ് ഡബിള്‍സില്‍ റഷ്യയുടെ എലേന വെസ്‌നിന ബ്രസീലിന്റെ ബ്രൂണോ സുവാരേസ് സഖ്യം കിരീടം നേടി. ഫൈനലില്‍ അമേരിക്കയുടെ കോകോ വാന്‍ഡേ വേഗെ റൊമാനിയയുടെ ഹോറിയ ടെക്കാവ് സഖ്യത്തെ 64, 46, 105 എന്ന സ്‌കോറിനാണ് എലേന ബ്രൂണോ സഖ്യം തോല്‍പ്പിച്ചത്. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം കിരീടം നേടിയിരുന്നു.

Top