ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ; ടൈറ്റിൽ പോരിൽ കിർഗിയോസിനെ നേരിടും

നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന സെമിയിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ 2-6, 6-3, 6-2, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ജൂലൈ 10ന് നടക്കുന്ന ഫൈനലിൽ ജോക്കോവിച്ച് ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനെ നേരിടും.

ഒമ്പതാം സീഡ് കാമറൂൺ നോറി 6-2ന് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി. പിന്നീടുള്ള തുടർച്ചയായ മൂന്ന് സെറ്റുകൾ നേടി ജോക്കോ ഫൈനലിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. മത്സരം രണ്ട് മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്നു. നദാലിന്റെ സെമി ഫൈനൽ പിന്മാറ്റത്തെത്തുടർന്ന് ഫൈനലിൽ പ്രവേശിച്ച നിക്ക് കിർഗിയോസിനെയാണ് ജോക്കോവിച്ച് ഫൈനലിൽ നേരിടുക.

35 വയസോ അതിൽ കൂടുതലോ പ്രായമുള്ളപ്പോൾ വിംബിൾഡൺ ഫൈനലിലെത്തുന്ന മൂന്നാമത്തെ താരമായി ജോക്കോവിച്ച്. നേരത്തെ റോജർ ഫെഡററും കെൻ റോസ്വാളും ഈ നേട്ടം കൈവരിച്ചിരുന്നു. ജോക്കോവിച്ചിന്റെ എട്ടാം വിംബിൾഡൺ ഫൈനലാണിത്. പുരുഷ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കളിക്കുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോവിച്ച് സ്വന്തമാക്കി. 32-ാം തവണയും ഗ്രാൻഡ് സ്ലാം ഫൈനലിൽ എത്തിയ താരം റോജർ ഫെഡററുടെ 31 എന്ന റെക്കോഡാണ് തകർത്തത്.

Top