മെല്‍ബണ്‍: ഒത്തുകളിക്കാര്‍ തന്നെയും സമീപിച്ചിരുന്നതായി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. ടെന്നീസിലും ഒത്തുകളി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ജോക്കോവിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
2007ല്‍ റഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് സംഭവമെന്നു അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഒത്തുകളിക്കാനാകില്ലെന്നു തറപ്പിച്ചു പറഞ്ഞതോടെ ഒത്തുകളിക്കാര്‍ പിന്‍വാങ്ങിയെന്നും ജോക്കോവിച്ച് പറഞ്ഞു.
വിംമ്പിള്‍ഡണ്‍ അടക്കമുള്ള ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ ഒത്തുകളി നടന്നതായി ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിംഗ് ഏജന്‍സിയാണ്(ബിബിസി) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ മൂന്നു വിംമ്പിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലും ഒത്തുകളി നടന്നിരുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ലോകറാങ്കിംഗിലെ ആദ്യ 50 കളിക്കാരില്‍ 16 പേരും ഒത്തുകളിയില്‍ ഭാഗമായിരുന്നു. റഷ്യ, ഇറ്റലി, സിസിലി എന്നിവടങ്ങളെ കേന്ദ്രീകരിച്ചാണ് ഒത്തുകളി സംഘം പ്രവര്‍ത്തിച്ചിരുന്നത്. കോടിക്കണക്കിനു ഡോളറാണ് ഇതിനായി ഒഴുകിയതെന്നു ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.