മെല്‍ബണ്‍: സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തുടരുമോയെന്ന കാര്യത്തിൽ ആശങ്ക. മൂന്നാം റൗണ്ടില്‍ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെതിരായ മത്സരത്തില്‍ കാല്‍ മസിലിനേറ്റ പരിക്ക് മത്സരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തുടർന്ന് താരം വൈദ്യസഹായം തേടുകയായിരുന്നു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് ടെയ്‌ലറെ കീഴടക്കിയത്. 33 കാരനായ ജോക്കോവിച്ച് കരിയറിലെ 18-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്.
‘ഡോക്ടറോടും എന്റെ മെഡിക്കല്‍ ടീമിനോടും സംസാരിച്ച ശേഷമേ എനിക്ക് മത്സരിക്കാനാകുമോ എന്ന കാര്യം പറയാനാകൂ. നിലവിലെ സ്ഥിതി എന്തെന്ന് മനസ്സിലാക്കണം. അതിനുശേഷമേ കളിക്കൂ’-ജോക്കോവിച്ച് പറഞ്ഞു. ടെയ്‌ലറിനെതിരേ ആദ്യ രണ്ട് സെറ്റുകള്‍ നേടിയ ജോക്കോവിച്ച് പിന്നീട് രണ്ട് സെറ്റുകള്‍ വിട്ടുനല്‍കി.
അവസാന സെറ്റില്‍ ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ച് ലോക ഒന്നാം നമ്പര്‍ താരം മത്സരം സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് നേടിയ 78-ാം വിജയമാണിത്. പ്രീ ക്വാര്‍ട്ടറില്‍ മിലോസ് റാവോണിച്ചാണ് ജോക്കോവിച്ചിന്റെ എതിരാളി.