മോസ്കോ: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്ക ഇടപെടാൻ ശ്രമിക്കുന്നുവെന്ന പുതിയ ആരോപണവുമായി മോസ്കോ. റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെർജി റൈബ്കോവ് ആണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പിൽ അമേരിക്ക ഇടപെടാൻ ശ്രമിക്കുകയാണെന്ന് വ്യക്തമാക്കിയത്.
മാർച്ച് പതിനെട്ടിനാണ് റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്ക റഷ്യയിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും റഷ്യയുടെ അസ്ഥിരതയെയാണ് അമേരിക്കയുടെ ഉപരോധങ്ങൾ ലക്ഷ്യമിടുന്നതെന്നും റൈബ്കോവ് ആരോപിച്ചു.
2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെടൽ നടത്തിയായെന്നാണ് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ ആരോപിക്കുന്നുത്. എന്നാൽ മോസ്കോ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അമേരിക്കൻ ഇന്റലിജൻസ് ഏജൻസി അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ ആരോപണം.