കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇനി ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാനുളള സൗകര്യമൊരുക്കുന്നു. ഇന്‍സ്റ്റ സേവിങ്സ് ബാങ്ക് അക്കൗണ്ട് സംവിധാനം പുനഃരാരംഭിച്ചതിനെതുടര്‍ന്നാണിത്.
സ്മാര്‍ട്ട്ഫോണില്‍ ബാങ്കിന്റെ യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. പാനോ, ആധാറോ ഉണ്ടെങ്കില്‍ ഡിജിറ്റലായി അക്കൗണ്ട് തുറക്കാം. ഇന്‍സ്റ്റ അക്കൗണ്ട് തുറക്കുന്നവര്‍ക്ക് രൂപെ ഡെബിറ്റ് കാര്‍ഡ് നല്‍കും.
യോനോ ആപ്പില്‍ പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കിയശേഷം ഫോണിലെത്തുന്ന ഒടിപി കൂടി നല്‍കുക. പിന്നീട് വ്യക്തിവിവരങ്ങള്‍ക്കൂടി നല്കിയാല് നടപടി പൂര്‍ത്തിയാകും. അപ്പോള്‍ തന്നെ പണമിടപാടും സാധ്യമാകും. നോമിനേഷന് സൗകര്യം, എസ്എംഎസ് അലര്‍ട്ട്, എസ്ബിഐ ക്വിക്ക് മിസ്ഡ് കോള്‍ സര്‍വ്വീസ് എന്നീ സേവനങ്ങളും ലഭിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ കെവൈസി രേഖകള്‍ ബാങ്കിലെത്തിച്ചാല്‍ മതി.