അഭിനയ ജീവിതത്തില്‍ ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബന്‍. 27 വര്‍ഷത്തെ അഭിനയ ജീവിതംകൊണ്ട് താന്‍ ചെയ്തത് ആകെ 103 സിനിമകളാണെന്നും ചുരുങ്ങിയ കാലം കൊണ്ട് ഷൈന്‍ ടോം ചാക്കോ 100 സിനിമകള്‍ ചെയ്തു എന്ന് പറയുന്നത് അദ്ഭുതപ്പെടുത്തുന്ന ഒന്നാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഷൈനിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന’വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ സിനിമ കൂടിയാണ് വിവേകാനന്ദന്‍ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ നായികമാര്‍.
”2024 തുടക്കത്തില്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ ചടങ്ങിനു വരുന്നത്. അത് കമല്‍ സാറിന്റെ സിനിമയായതില്‍ സന്തോഷം. എനിക്ക് നല്ല സിനിമകളും ഗാനങ്ങളും കഥാപാത്രങ്ങളും നല്‍കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. ഷെനിനെ അസിസ്റ്റന്റ് ഡയറക്ടറായ നാള്‍ മുതല്‍ എനിക്ക് അവനെ അറിയാവുന്നതാണ്. പിന്നീട് അവന്‍ അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന് ഒരു നടനായി മാറുകയായിരുന്നു. ‘ഗദ്ദാമ’ എന്ന സിനിമ ഷൈന്‍ ചെയ്തപ്പോള്‍ ഞാന്‍ അവനെ വിളിച്ചിരുന്നു. ആ സിനിമയിലെ കഥാപാത്രം അവന്‍ എറ്റവും ഭംഗിയായി തന്നെ ചെയ്തിരുന്നു. അത് മനസില്‍ തങ്ങി നില്‍ക്കുന്നതായിരുന്നു. ഒടുവില്‍ ഷൈന്‍ തന്റെ നൂറാമത്തെ സിനിമയുമായി വന്ന് നില്‍ക്കുമ്പോള്‍, പത്ത് ഇരുപത്തിയേഴ് വര്‍ഷം കൊണ്ട് ഞാന്‍ നൂറ്റിമൂന്നാമത് സിനിമ ആയിട്ടേയുള്ളു എന്നതാണ് സത്യം. ഇനിയിപ്പോള്‍ പുള്ളി എന്റെ സീനിയറായിട്ട് മാറും. അതിലും ഒരുപാട് സന്തോഷമുണ്ട്.”-കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.