ഇന്ത്യന്‍ മാധ്യമ സ്ഥാപനമായ എന്‍ഡിടിവി ഗ്രൂപ്പിൻ്റെ 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് അദാനി എന്റര്‍പ്രൈസസ്. വർഷങ്ങളായി അംബാനി കാത്ത് സൂക്ഷിച്ച ഓഹരികളാണ് തിരിമറികളിലൂടെ ഇപ്പോൾ അദാനി സ്വന്തമാക്കിയിരിക്കുന്നത്. അതോടെ ഇരുവരും തമ്മിലുള്ള തുറന്നപ്പോരിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ നീങ്ങുന്നത്.
എന്‍ഡിടിവിയിലെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നതായും അദാനി എന്റര്‍പ്രൈസസ് ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, ഓഹരികൾ അദാനി ഗ്രൂപ്പ് വാങ്ങിയത് ചർച്ചയോ, സമ്മതമോ, അറിയിപ്പോ ഇല്ലാതെ ആയിരുന്നുവെന്ന് എന്‍ഡിടിവിയുടെ സ്ഥാപക പ്രമോട്ടര്‍മാരായ രാധിക റോയിയും പ്രണോയ് റോയിയും വ്യക്തമാക്കി.
വർഷങ്ങൾക്ക് മുമ്പ് അംബാനി തുടങ്ങിവെച്ച കളിക്കളത്തിൽ അതിവേഗം കരുക്കൾ നീക്കിയാണ് അദാനി മുന്നേറുന്നത്. രാജ്യത്തെ മുൻനിരയിലുള്ള മാധ്യമസ്ഥാപനം അദാനിയുടെ കൈകളിലെത്തുന്നതോടുകൂടി രാഷ്ട്രീയ രംഗത്തും ചർച്ചകൾ കൊഴുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത സുഹൃത്തായ അദാനിയുടെ കൈകളിലേക്ക് എൻഡിടിവി എത്തുന്നത് സര്‍ക്കാര്‍ വിമർശനങ്ങളുടെ വായ അടപ്പിക്കാനുള്ള മാർഗം കൂടിയായി വിലയിരുത്തപ്പെടുന്നു.