ഇനി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്‌സ് തിരുവനന്തപുരം: ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇനി മുതല്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്‌സ് തിരുവനന്തപുരം എന്ന പേരില്‍ അറിയപ്പെടും. തുറമുഖത്തിന്റെ പേരില്‍ തിരുവനന്തപുരം ഉള്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമായിരുന്നു. വിഴിഞ്ഞത്തെ ഒഴിവാക്കരുതെന്നും അഭിപ്രായമുണ്ടായിരുന്നു. ഇത് രണ്ടും പരിഗണിച്ചാണ് ഓദ്യോഗിക പേരിലേക്ക് എത്തിയത്.

തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. അന്താരാഷ്ട്ര ബ്രാന്‍ഡിംഗ് സാദ്ധ്യതകള്‍ ലക്ഷ്യമിട്ടാണ് ലോഗോ ഡിസൈനിംഗ്. രാജ്യത്തെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചടങ്ങില്‍ സ്ഥലം എംഎല്‍എയെയും എംപിയെയും ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും സ്ഥലം എല്‍എഎ എം.വിന്‍സെന്റും പേര് പ്രഖ്യാപനത്തിനെത്തി. ഇനി കാത്തിരിപ്പ് ആദ്യ കപ്പലെത്തുന്ന ദിവസത്തിനായാണ്.

ചൈനയില്‍ നിന്ന് പുറപ്പെട്ട മദര്‍ഷിപ്പ് ഒക്ടോബര്‍ നാലിന് വിഴിഞ്ഞത്ത് നങ്കൂരമിടും. തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ക്രെയിനുമായാണ് മദര്‍ഷിപ്പ് എത്തുന്നത്. നീണ്ട അനിശ്ചിതത്വം, ഓഖി, കൊവിഡ്, ഒടുവില്‍ വിഴിഞ്ഞം സമരം. എല്ലാ പ്രതിസന്ധികളും മറികടന്ന് കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്

Top