ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ഇനി നികുതി അടയ്ക്കാം. നികുതിദായകരെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, ആദായനികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴിയാണ് പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കിയത്. നികുതി അടയ്ക്കുന്നവർക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് / ആര്‍ടിജിഎസ് എന്നിവ വഴി നികുതി അടയ്ക്കാം. കൂടാതെ പണമായി കൗണ്ടർ വഴിയും വേഗത്തിൽ നികുതിയടക്കാനുള്ള സൗകര്യവുമുണ്ട്.
പ്രവാസികൾക്കും ബാങ്കിന്റെ ആഭ്യന്തര ഉപഭോക്താക്കള്‍ക്കും നികുതി അടക്കുന്ന ഇന്ത്യയിലെ ഏതൊരു പൗരനും ഒരു നികുതി ചലാന്‍ സൃഷ്ടിക്കാനും ബാങ്കിന്റെ ശാഖകള്‍ വഴി പണമടയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന്, നേരിട്ട് നികുതി പിരിക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറൽ ബാങ്ക് അംഗീകാരം നേടിയിരുന്നു. 2022 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നികുതിദായകര്‍ക്ക് പാന്‍/ടാന്‍ രജിസ്‌ട്രേഷന്‍/വെരിഫിക്കേഷന്‍ ആവശ്യമില്ല. ഇത് നികുതി അടയ്ക്കുന്നതില്‍ ഉണ്ടായേക്കാവുന്ന പല തരത്തിലുള്ള കാലതാമസവും ഒഴിവാക്കും.