മണിപ്പുര്‍ സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ എന്‍പിപി തുടരുമെന്ന് ബിജെപി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവരുമായി നാല് എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മണിപ്പുര്‍ സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ എന്‍പിപി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി) തുടരുമെന്ന് ബിജെപി. എന്‍പിപി പിന്തുണ തുടരുമെന്ന് അറിയിച്ചുകൊണ്ട് അസം മന്ത്രിയും നോര്‍ത്ത് ഈസ്റ്റ് എന്‍ഡിഎ കണ്‍വീനറുമായ ഹേമന്ത് ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.

മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി അംഗങ്ങള്‍ ഡല്‍ഹിയിലെത്തിയത്.കഴിഞ്ഞ ആഴ്ച, നാല് എന്‍പിപി അംഗങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് മണിപ്പുരിലെ എന്‍. ബിരേന്‍ സിങ് സര്‍ക്കാര്‍ പ്രതിന്ധിയിലായത്.

മൂന്നു ബിജെപി എംഎല്‍എമാര്‍, ഒരു തൃണമൂല്‍ എംഎല്‍എ, ഒരു സ്വതന്ത്ര എംഎല്‍എ എന്നിവരുമാണ് സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ഉപമുഖ്യമന്ത്രിയായിരുന്ന എന്‍പിപിയുടെ ജോയ് കുമാറിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി എടുത്തു മാറ്റിയതിനെത്തുടര്‍ന്നുള്ള തര്‍ക്കങ്ങളാണ് പിന്തുണ പിന്‍വലിക്കലിലെത്തിയത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിച്ചത്.

ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ നാല് എന്‍പിപി അംഗങ്ങള്‍ക്കും കാബിനറ്റ് പദവി നല്‍കിയിട്ടും പിന്നില്‍നിന്ന് കുത്തിയെന്നു ബിജെപി നേതൃത്വം പരസ്യമായി വിമര്‍ശനം തൊടുത്തതിനു പിന്നാലെയാണ് എന്‍പിപി എംഎല്‍മാരെ ബിജെപി പാളയത്തില്‍ എത്തിച്ചത്.

ഹേമന്ത് ബിശ്വ, ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് എന്നിവര്‍ക്കായിരുന്നു പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചുമതല. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി മന്ത്രിസഭ രൂപവല്‍ക്കരിക്കാന്‍ അവകാശമുന്നയിച്ചെങ്കിലും ഗവര്‍ണര്‍ നജ്മ ഹെപ്തുല്ല പ്രതികരിച്ചിരുന്നില്ല.

Top