ഷില്ലോങ്: മേഘാലയയില്‍ ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ പ്രതിസന്ധി. ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) അറിയിച്ചു.
മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാങ്മയുടെ മകനും നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവുമായ സാങ്മയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് എച്ച്എസ്പിഡിപിയുടെ തീരുമാനം. ലോക്‌സഭാംഗം കൂടിയായ സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതു സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്ന് എച്ച്എസ്പിഡിപി പ്രസിഡന്റ് ആര്‍ഡെന്റ് ബസൈവ്‌മോയിറ്റ് അറിയിച്ചു.
19 സീറ്റുകള്‍ നേടി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായ എന്‍പിപിക്കു സര്‍ക്കാര്‍ രൂപീകരണത്തിനു രണ്ട് അംഗങ്ങളുള്ള ബിജെപിക്കു പുറമേ, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (യുഡിപി) ആറ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നാല്, എച്ച്എസ്പിഡിപിയുടെ രണ്ട്, ഒരു സ്വതന്ത്രന്‍ എന്നിവരുടെ പിന്തുണയുണ്ട്.