അമിത് ഷായുടെ വാദം തള്ളി കേന്ദ്രമന്ത്രി; പൗരത്വ പട്ടിക നടപ്പാക്കുന്നത് ആലോചിച്ച ശേഷം മാത്രം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം തള്ളി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങള്‍ക്ക് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്ന ആഭ്യന്തരമന്ത്രിയുടെ അഭിപ്രായത്തിനെതിരായാണ് രവിശങ്കര്‍ പ്രതികരിച്ചിരിക്കുന്നത്.

‘ജനസംഖ്യാ രജിസ്റ്ററിലെ ചില വിവരങ്ങള്‍ പൗരത്വ പട്ടികക്ക് വേണ്ടി ഉപയോഗിച്ചേക്കാം. എന്നാല്‍ വിവരങ്ങളെല്ലാം ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല. ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനും സാധ്യതയുണ്ട്- നിയമമന്ത്രിയുടെ വിശദീകരണം ഇങ്ങനെയാണ്.

പൗരത്വ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന എന്നതും ശ്രദ്ദേയമാണ്. അതേസമയം ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല നിയമപരമായും സുതാര്യത ഉറപ്പാക്കിയും ആയിരിക്കും തുടര്‍ നടപടികളെന്നും നിയമമന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തുന്നത്. ഒന്നും മറച്ച് വക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും നിയമമന്ത്രി പറഞ്ഞു.

Top