ന്യൂഡല്‍ഹി: അസം അന്തിമ പൗരത്വ രജിസ്റ്ററില്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങി ബിജെപി. ഇത് പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്ന യഥാര്‍ത്ഥ പൗരന്മാരെ ഉള്‍പ്പെടുത്തുവാനാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. അനര്‍ഹരെ ഒഴിവാക്കുന്നതിനായി പട്ടികയില്‍ പുനഃപരിശോധന ആവശ്യപ്പെടാനാണ് തീരുമാനം.
അതേസമയം, പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷ തുടരുകയാണ്. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന അസം ജില്ലകളില്‍ നിരോധനാജ്ഞയും നിലവിലുണ്ട്. പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നുണ്ടോ എന്നും നിരീക്ഷിക്കുന്നുണ്ട്.
ഒഴിവാക്കിയവര്‍ക്ക് നിയമ സഹായം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കാന്‍ ആയിരം ട്രൈബ്യൂണല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. രജിസ്റ്റര്‍ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമില്‍ ഇന്ത്യന്‍ പൗരന്മാര്‍. 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍.
അതേസമയം, ആരും രാജ്യമില്ലാത്തവരായി മാറില്ലെന്ന് ഇന്ത്യ ഉറപ്പു വരുത്തണമെന്നും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത് ആശങ്കാജനകമാണെന്നും ഐക്യരാഷ്ട്ര സഭ പ്രതികരിച്ചിരുന്നു.
പൗരത്വ പട്ടിക പുറത്തിറക്കുന്ന ഇന്ത്യന്‍ നടപടി, രാജ്യമില്ലായ്മയില്‍ നിന്ന് ജനങ്ങളെ കര കയറ്റാന്‍ ശ്രമിക്കുന്ന യു.എന്‍ നടപടികള്‍ക്കുള്ള തിരിച്ചടിയാകാതെ നോക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികാര്യ വിഭാഗം മേധാവി ഫിലിപ്പോ ഗ്രാന്‍ഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.