രാജ്യത്തെ പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ നടത്തി പട്ടിക തയ്യാറാക്കുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യ ഒട്ടാകെ ഉടനടി നടപ്പാക്കുമെന്ന് പ്രഖ്യാപനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് ആകമാനം നടത്താന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി വ്യക്തമാക്കിയത്. രാജ്യത്ത് ഉടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പൗരത്വ ഭേദഗതി ബില്‍ 2019മായി എന്‍ആര്‍സിക്ക് യാതൊരു ബന്ധവുമില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചത് പോലെ എന്‍ആര്‍സിയും വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പൗരത്വ ഭേദഗതി ബില്ലും, ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ല. പൗരത്വ ബില്‍ പോലെ വിശദമായി തന്നെ എന്‍ആര്‍സി വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കും. എന്‍ആര്‍സി ഉടന്‍ വരും’, ഷാ വ്യക്തമാക്കി.
ഡിസംബര്‍ 2ന് ജാര്‍ഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് എന്‍ആര്‍സി ഇന്ത്യയില്‍ നടപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മതങ്ങള്‍ തമ്മില്‍ വേര്‍തിരിവില്ലാതെ എല്ലാ പൗരന്‍മാരും എന്‍ആര്‍സി പട്ടികയില്‍ പേരുചേര്‍ക്കണമെന്നാണ് ഷാ ആവശ്യപ്പെടുന്നത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് എതിരെ രൂക്ഷമായി രംഗത്തുള്ളത്. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറിയ നിരവധി പേര്‍ ബംഗാളില്‍ താമസം ഉറപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് വോട്ടവകാശം നല്‍കിയത് അവിടെ സജീവ ചര്‍ച്ചാവിഷയവുമാണ്. ഈ വോട്ട് ബാങ്ക് രാഷ്ട്രീയം തൃണമുല്‍ കോണ്‍ഗ്രസിന് സുപ്രധാനവുമാണ്.