സർക്കാർ സഹായത്തിന് മുൻപ് തന്നെ ലിനിയുടെ കുടുംബത്തിന് സഹായഹസ്തം !

അബുദാബി: ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന നഴ്‌സ് ലിനിയുടെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസികള്‍. ലിനിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാമെന്ന വാഗ്ദ്ധാനവുമായി അബുദാബിയിലെ രണ്ട് പ്രവാസി മലയാളികളാണ് രംഗത്ത് വന്നിരിക്കുന്നത്.

പാലക്കാട് സ്വദേശികളായ ശാന്തി പ്രമോദും ജ്യോതി പല്ലാട്ടുമാണ് ലിനിയുടെ മക്കളായ റിഥുല്‍ , സിദ്ധാര്‍ഥ് എന്നിവരുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്.

തന്റെ ജോലിക്കിടെ ഇത്രയും ത്യാഗം ചെയ്ത ലിനിയുടെ സേവനം മഹത്താണെന്ന് അബുദാബിയില്‍ കുടുംബമായി താമസിക്കുന്ന ശാന്തി പറഞ്ഞു. മറ്റുള്ളവര്‍ക്ക് സേവവം ചെയ്യുന്നതിനിടെ തന്റെ ജീവന്‍ തന്നെ ത്യജിച്ച അവരുടെ സേവനത്തെ ആദരിക്കുന്നതിനും ദുഖാര്‍ദ്രരായ കുടുംബത്തെ പിന്തുണയ്ക്കാനുമാണ് ഞങ്ങളുടെ തീരുമാനം. സ്വയം പര്യാപ്തയെത്തുന്നത് വരെ റിഥുലിന്റെയും സിദ്ധാര്‍ഥിന്റെയും വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കാമെന്ന് തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് നഴ്‌സുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ ത്യാഗവും മനസിലാകും. രോഗികളെ പരിചരിക്കുന്നതിനിടെ തന്റെ ജീവന്‍ നഷ്ടമായ ലിനിയുടെ കഥ ഹൃദയഭേദകമാണെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

പേരാമ്പ്രയില്‍ നിപ്പാ വൈറസ് ബാധിച്ച് മരിച്ച മൂന്നംഗ കുടുംബത്തിനെ പരിചരിച്ച ചെമ്പനോട സ്വദേശി ലിനി കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. രോഗം മറ്റുള്ളവരിലേക്ക് കൂടി പകരുമെന്ന ഭീതിയില്‍ കുടുംബത്തിന്റെ അനുമതിയോടെ രാത്രി തന്നെ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയും ചെയ്തു.

Top