കുവൈത്ത്: ഒരാള്‍ക്ക് ഒരു സംഘടനയെന്ന നിബന്ധനയുമായി നിരവധി പ്രവാസി സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്‍കാനാണ് പ്രവാസികളുടെ തീരുമാനം.
രണ്ടു മാസം മുമ്പ് നിരവധി സംഘടനകളെ ഒഴിവാക്കി കൊണ്ട് സംഘടനകളുടെ എണ്ണം 69 ആക്കി പരിമിതപ്പെടുത്തി റെജിസ്‌ടേഷന്‍ പട്ടിക പ്രസിദ്ധീകരിക്കുകയും പുതിയ റെജിസ്‌ടേഷന്‍ നടപടികള്‍ക്ക് പുതിയ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് റെജിസ്‌ട്രെഷന്‍ നഷ്ടമായ സംഘടനകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഫെഡേറേഷന്‍ ഓഫ് ഇന്ത്യന്‍ റെജിസ്റ്റേര്‍ഡ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
ലോക കേരളാ സഭാംഗങ്ങളായ ബാബു ഫ്രാന്‍സിസ്, ശ്രീം ലാല്‍ എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അംഗത്തിന് മറ്റൊരു സംഘടനയില്‍ അംഗമാകാന്‍ പാടില്ലെന്ന ഇന്ത്യന്‍ എംബസിയുടെ നിബന്ധന ഭരണ ഘടനാ വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. എംബസിയുടെ വിവേചന പരമായ നടപടിക്ക് എതിരെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഓഫീസില്‍ സംഘടനയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.