കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ സീറ്റുകള്‍ ഒഴിച്ചിടരുത്; സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. സീറ്റുകള്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാതെ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍.ആര്‍.ഐ .വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എന്‍.ആര്‍.ഐ. വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ബാക്കി വരുന്ന 85 ശതമാനം സീറ്റുകളില്‍ 15 ശതമാനം സീറ്റുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി അപേക്ഷ നല്‍കാവുന്നതാണന്ന് സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടുന്നവര്‍ ബാങ്ക് ഗ്യാരന്റി നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബാങ്ക് ഗ്യാരന്റി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കോടതിയുടെ അന്തിമ തീര്‍പ്പ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമാണെങ്കില്‍ ഗ്യാരന്റി നല്‍കേണ്ടി വരുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. പ്രോസ്പെക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഒക്ടോബര്‍ 13-ന് അന്തിമ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

Top