പ്രവാസി ജീവനൊടുക്കിയ സംഭവം; സുഗതന്റെ മക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

sugathan

തിരുവനന്തപുരം: വര്‍ക്ക്‌ഷോപ് നിര്‍മാണത്തിനെതിരായ കൊടിനാട്ടല്‍ സമരത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ മക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന് സുഗതന്റെ മക്കള്‍ വ്യക്തമാക്കി. വര്‍ക്ക്‌ഷോപ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മക്കള്‍ അറിയിച്ചു.

മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ നാട്ടിലെത്തിയ ശേഷം വര്‍ക്ക് ഷോപ്പ് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വിളക്കുടി പഞ്ചായത്തിലെ ഇളമ്പലില്‍ സ്ഥലം കണ്ടെത്തുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി.

വയല്‍ നികത്തി നിര്‍മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ഇവര്‍ സുഗതന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ മനംനൊന്ത് സുഗതന്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ് ഗിരീഷിനെ നേരത്തെ പോലീസ് ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Top