അടുത്ത തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനായേക്കും;സമ്മതമറിയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇ-പോസ്റ്റല്‍ ബാലറ്റിലൂടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയോട് അനുകൂലമായി വിദേശകാര്യ മന്ത്രാലയം കത്ത് നല്‍കിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 1.17 ലക്ഷം പ്രവാസികളാണ് വോട്ടര്‍ പട്ടികയിലുള്ളത്.

എന്‍ആര്‍ഐക്കാര്‍ക്ക് (നോണ്‍ റസിഡന്റ് ഇന്ത്യന്‍) അവര്‍ താമസിക്കുന്ന രാജ്യത്തുനിന്ന് ഇപോസ്റ്റല്‍ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) വഴി വോട്ട് ചെയ്യാനാകും. ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയെങ്കിലും സൗകര്യം പ്രാബല്യത്തിലാകും മുന്‍പ് ബന്ധപ്പെട്ട എല്ലാവരുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂടിയാലോചന നടത്തണമെന്നു വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.

നവംബര്‍ 27ന് നിയമ സെക്രട്ടറിക്ക് അയച്ച കത്തില്‍, എന്‍ആര്‍ഐകള്‍ക്ക് തപാല്‍ ബാലറ്റിലൂടെ വോട്ടുചെയ്യാനായി 1961-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന അസം, ബംഗാള്‍, കേരളം, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ തയാറാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴില്‍, വിദ്യാഭ്യാസം, യാത്രാ ചെലവ് തുടങ്ങിയ കാരണങ്ങളാല്‍ വോട്ടെടുപ്പിനു നേരിട്ടെത്താന്‍ കഴിയില്ലെന്നും തപാല്‍ ബാലറ്റ് വേണമെന്നും പ്രവാസി സമൂഹത്തില്‍നിന്നു വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു. ഫോം 12 വഴി റിട്ടേണിങ് ഓഫിസറോടു വോട്ടുചെയ്യാനുള്ള ആഗ്രഹം അറിയിച്ചശേഷം ഒരു എന്‍ആര്‍ഐക്ക് ഒരു തപാല്‍ ബാലറ്റ് ഇലക്ട്രോണിക് ആയി നല്‍കാനാണു കമ്മിഷന്റെ നിര്‍ദേശം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷ ലഭിക്കണം.

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയതും കൃത്യമായി പൂരിപ്പിച്ചതുമായ തപാല്‍ ബാലറ്റ്, പ്രവാസിയുടെ ഇന്ത്യയിലെ നിയോജക മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസര്‍ക്ക് വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണിക്കു മുന്‍പായി മടക്കി നല്‍കണം. സായുധ സേന, പാരാ മിലിട്ടറി സേനയിലെ അംഗങ്ങളും വിദേശത്ത് സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്ന സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇടിപിബിഎസ് സൗകര്യം നിലവിലുണ്ട്.

Top