പ്രവാസി വോട്ട്; കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കുള്ള വോട്ടവകാശം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം.

നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണം. തീരുമാനം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. ഒരാഴ്ചക്കകം നിലപാടറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.

പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി കൊണ്ടുവരികയാണെങ്കില്‍ മുന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.

2014 ഒക്ടോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് തിരഞ്ഞെടുപ്പ് കമീഷന്‍ തത്ത്വത്തില്‍ അംഗീകരിച്ചത്.

വിദേശ രാജ്യങ്ങളില്‍ പോളിങ് ബൂത്തുകള്‍, ഓണ്‍ലൈന്‍ സംവിധാനം, പ്രോക്‌സി വോട്ട് എന്നിവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലത്തെിയത്. ഇതില്‍ പ്രോക്‌സി വോട്ട് അനുവദിക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്.

ഈ ശുപാര്‍ശ ഇപ്പോള്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിന്റെ നിയമ സാധുത പരിശോധിക്കുകയും പാര്‍ലമെന്റ് പാസാക്കുകയും ചെയ്തതിന് ശേഷമേ പ്രവാസികള്‍ക്ക് വോട്ട് അവകാശം ലഭ്യമാകൂ.

ഒരു കോടിയോളം പ്രവാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. ഇവരില്‍ 24,348 ആളുകള്‍ തിരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കുകയാണെങ്കില്‍ രാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളാകാന്‍ പ്രവാസികള്‍ക്ക് സാധിക്കും.

കേരളം, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രവാസികളില്‍ അധികവും. നിലവില്‍ സൈനികര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് ജോലികളില്‍ ഭാഗഭാക്കാവുന്ന അധ്യാപകര്‍ക്കുമാണ് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുള്ളത്.

ഇതിനൊപ്പം ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്തി തപാലായി അയക്കുന്ന ഇ തപാല്‍ സംവിധാനം കൊണ്ടുവരണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.

പ്രവാസി വ്യവസായിയും വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ ഷംഷീര്‍ വയലിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രവാസി വോട്ടവകാശ വിഷയത്തില്‍ അനുഭാവ പൂര്‍ണമായ നിലപാട് എടുക്കാമെന്ന് 2014 മുതല്‍ കേന്ദ്രം അറിയിച്ചിരുന്നുവെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ചൂണ്ടിക്കാട്ടി.

താന്‍ അറ്റോര്‍ണി ജനറല്‍ ആകുന്നതിന് മുമ്പാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. തുടര്‍ന്ന് മൂന്നു വര്‍ഷം താന്‍ എ ജി ആയിരുന്നു. അതിന് ശേഷം ഇപ്പോഴും കേസ് പഴയ നിലയില്‍ തന്നെ തുടരുകയാണ്. വിഷയം ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും റോഹ്ത്തഗി കോടതിയില്‍ വ്യക്തമാക്കി.

ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചില്ലെങ്കില്‍, കേസില്‍ സ്വമേധയാ ഉത്തരവ് പ്രഖ്യാപിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Top